ഗുജറാത്ത് കലാപ കാലത്ത് ചെയ്തത് പോലെ മോദി രാജ്യധര്‍മ്മം പാലിക്കുന്നില്ല; ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കാലത്ത് ചെയ്തത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യധര്‍മ്മം പാലിക്കുന്നില്ലെന്ന വിമര്‍ശനവുമായ് ചന്ദ്രബാബു നായിഡു. മോദി കഴിഞ്ഞ ദിവസം നടത്തിയ ആന്ധ്രപ്രദേശ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നായിഡു പൊതുപണം രാഷട്രീയ പ്രചാരണത്തിനായി ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഇതിനു മറുപടിയുമായാണ് ചന്ദ്രബാബു രംഗത്തെത്തിയിരിക്കുന്നത്.

‘ഗുജറാത്ത് കലാപ കാലത്ത് രാജ്യധര്‍മ്മം പാലിച്ചില്ലെന്ന് മുമ്പ് വാജ്പേയി പറഞ്ഞിരുന്നു. അതുപോലെ തന്നെ ആന്ധ്രാ വിഷയത്തിലും രാജ്യധര്‍മ്മം പാലിക്കപ്പെട്ടില്ല. നമുക്ക് അവകാശപ്പെട്ടത് നിഷേധിക്കപ്പെടുകയാണ്’കിട്ടാത്തവ എങ്ങനെ വാങ്ങിക്കാം എന്ന് നമുക്കറിയാമെന്നും നായിഡു പ്രതിഷേധാത്മകമായി പറഞ്ഞു.

തെലങ്കാന രൂപവത്കരിച്ചപ്പോള്‍ കേന്ദ്രം ആന്ധ്രപ്രദേശിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ഇന്ന് ന്യൂഡല്‍ഹിയില്‍ നിരാഹാര സമരം തുടങ്ങുകയാണ്. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന നിരാഹാര സമര പന്തലിലാണ് മോദിക്കെതിരേ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. പ്രധാനമന്ത്രി ആന്ധ്രപ്രദേശില്‍ നടത്തിയ റാലിയുടെ അടുത്ത ദിവസമാണ് സമരം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നിരാഹാര സമരത്തിന് പിന്തുണയറിയിച്ച് സമരപന്തലിലെത്തിച്ചേര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തോട് അവഗണനയില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു എന്‍ഡിഎ സഖ്യം വിട്ടത്

Top