എം.എല്‍.എമാരുടെ ശമ്പളം 45,589 രൂപ വര്‍ദ്ധിപ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ പാസ്സാക്കി

അഹമ്മദാബാദ്: എം.എല്‍.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍. 45,589 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ 70,727 രൂപ ആയിരുന്ന പ്രതിമാസ ശമ്പളം 1,16,316 രൂപയായി വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്. എം.എല്‍.എമാരുടെ ദിവസ ബത്ത 200 രൂപയായിരുന്നത് 1000 രൂപയായും കൂട്ടിയിട്ടുണ്ട്.

182 എംഎല്‍എമാരാണ് ഗുജറാത്ത് നിയമസഭയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി 99 സീറ്റുകളില്‍ വിജയിച്ചു.

തമിഴ്‌നാടും ഈ വര്‍ഷം എംംഎല്‍എമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചിരുന്നു. ജനിവരിയില്‍ ഇത് സംബന്ധിച്ച ബില്‍ പാസാക്കി. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ 1.05 ലക്ഷം രൂപയാണ് പ്രതിമാസം ഒരു എംഎല്‍എയ്ക്ക് ലഭിക്കുന്നത്. ഇവരുടെ പെന്‍ഷന്‍ തുകയും 12,000ത്തില്‍ നിന്ന് 20,000 ആക്കി ഉയര്‍ത്തിയിരുന്നു. തെലങ്കാന എംഎല്‍എമാരാണ് രാജ്യത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നത്. രണ്ടര ലക്ഷം രൂപയാണിത്. കേരളത്തിലും നിയമസഭാ സാമാജികരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് നേരത്തെ ശുപാര്‍ശ ഉണ്ടായിരുന്നു.

Top