Gujarath election; kejeriwal to keep up with the harthik patel

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായിരുന്ന ഗുജറാത്തില്‍ ഭരണം പിടിക്കാന്‍ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്‌ പട്ടേലിനെ കൂട്ടുപിടിക്കാന്‍ കെജ്‌രിവാളിന്റെ തന്ത്രം.

ഹാര്‍ദിക്കിനെ കണ്ട് ചര്‍ച്ച നടത്താന്‍ പാര്‍ട്ടി നേതാക്കളായ അശുതോഷിനെയും കനുഭായ് കല്‍സാരിയയെയും അഹമ്മദാബാദിലേക്ക് അയച്ചിരുന്നു.

എന്നാല്‍, ഹാര്‍ദിക് എത്താന്‍ രാത്രി വൈകിയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. തങ്ങളുടെ പ്രത്യയശാസ്ത്രം സ്വീകരിക്കുന്നുവെങ്കില്‍ ഹാര്‍ദിക്കിനും കൂട്ടര്‍ക്കും എഎപിയിലേക്ക് സ്വാഗതമെന്ന് കല്‍സാരിയ പറഞ്ഞു.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബി.ജെ.പിയില്‍ പടലപ്പിണക്കവും അസ്വാരസ്യങ്ങളും രൂക്ഷമാണ്. മോദി പ്രധാനമന്ത്രിയും അമിത്ഷാ ബി.ജെ.പി പ്രസിഡന്റുമായതോടെ ഗുജറാത്തില്‍ ബി.ജെ.പിക്ക് നാഥനില്ലാത്ത അവസ്ഥയാണ്.

ഈ അവസരം മുതലാക്കി ഗുജറാത്ത് ഭരണം പിടിക്കാനാണ് കെജ്‌രിവാള്‍ തന്ത്രം മെനയുന്നത്.

ബി.ജെ.പിയുടെ വോട്ട് ബാങ്കായിരുന്ന 18 ശതമാനം വരുന്ന പട്ടേലുകളുടെ പിന്തുണ ലഭിച്ചാല്‍ തരംഗമുണ്ടാക്കി ഗുജറാത്തില്‍ ഭരണം നേടാനാവുമെന്ന പ്രതീക്ഷയാണ് ആം ആദ്മി കേന്ദ്രങ്ങള്‍ക്കുള്ളത്.

സംഘടനാപരമായി ദുര്‍ബലമാണെങ്കിലും കോണ്‍ഗ്രസിനു ശക്തമായ വോട്ടുബാങ്കുണ്ട് ഗുജറാത്തില്‍. കോണ്‍ഗ്രസുമായി ധാരണയോടെ മത്സരിച്ചാല്‍ ഗുജറാത്തില്‍ ബി.ജെ.പിക്ക് അതു തലവേദനയാകും.

അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഹാര്‍ദിക് സൂചിപ്പിച്ചിട്ടുണ്ട്. സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലായ ഹാര്‍ദിക്കിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മോചിതനായത്.

പട്ടേല്‍ പ്രക്ഷോഭത്തെ തുണച്ചതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട നളിന്‍ കോട്ടാഡിയയുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി. പട്ടേല്‍ പ്രക്ഷോഭ നേതാക്കളെ എഎപിയില്‍ അണിനിരത്താന്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടുവെന്നാണറിയുന്നത്.

അതേസമയം ഹാര്‍ദിക്കിനെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇരു പാര്‍ട്ടികളും ഹാര്‍ദിക്കിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഏതു പാര്‍ട്ടിക്കൊപ്പം ചേരുമെന്നതില്‍ ഹാര്‍ദിക്‌ ഇതുവരെ മനസു തുറിന്നിട്ടില്ല.

Top