ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക്

ഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഇന്ന് 12 മണിക്ക് നടക്കും. നേരത്തെ ഹിമാചൽ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ, ഗുജറാത്ത് ഇലക്ഷൻ തീയതി പ്രഖ്യാപിച്ചിരുന്നില്ല.

അടുത്ത വർഷം ഫെബ്രുവരി 18 നാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഹിമാചൽ പ്രദേശിൽ നവംബർ 12 നാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് ഹിമാചലിലെ വോട്ടെണ്ണൽ. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ ഒരുമിച്ച് നടത്തുക ലക്ഷ്യമിട്ട്, ഡിസംബർ എട്ടിന് മുമ്പായി ഗുജറാത്ത് തെരഞ്ഞെടുപ്പും നടക്കുമെന്നാണ് സൂചന.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനകം തന്നെ പ്രധാനമന്ത്രിയുൾപ്പടെയുള്ള നേതാക്കൾ സംസ്ഥാനത്തെത്തി പ്രചാരണ പ്രവർത്തനങ്ങൾ ആരഭിച്ചിട്ടുണ്ട്. മുൻതൂക്കം ബിജെപിക്ക് തന്നെയാണെങ്കിലും ഇത്തവണ ആം ആദ്മി പാർട്ടി കൂടി സജീവമായി രംഗത്തുവന്നതോടെ ചില മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും.

കഴിഞ്ഞ തവണ 182 സീറ്റുകളിൽ 111 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. പ്രതിപക്ഷത്തിന് 66 സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് മാറിയതോടെ കഴിഞ്ഞ സീറ്റുകൾ നിലനിർത്താനാകുമോയെന്ന് കണ്ടറിയണം. ഇത്തവണയും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് ചില സർവെകൾ പറയുന്നത്.

Top