പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍ ഇന്ന് കോണ്‍ഗ്രസ് റാലി

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ക്കായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. അഹമ്മദാബാദില്‍ ഇന്നു ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകാനാണ് സാധ്യത.

1961നുശേഷം ആദ്യമായാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവത്തകസമിതി ചേരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ അധ്യക്ഷ സോണിയഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍സിങ് തുടങ്ങി അറുപത് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ഓരോ സംസ്ഥാനത്തും കൈക്കൊള്ളേണ്ട നയതീരുമാനങ്ങള്‍, സ്ഥാനാര്‍ഥിനിര്‍ണയം, പ്രചാരണപരിപാടികള്‍, സഖ്യനീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. ഗാന്ധിനഗറില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുലിനൊപ്പം, പ്രിയങ്കഗാന്ധിയും പങ്കെടുക്കും.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാകും ഇത്. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പേരിലാണ് പൊതുറാലി സംഘടിപ്പിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ പട്ടേല്‍സമരനേതാവ് ഹാര്‍ദിക്പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വംസ്വീകരിക്കും.

Top