കിരീടം തിരിച്ചെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, നിലനിര്‍ത്താന്‍ ഗുജറാത്ത് ടെറ്റന്‍സ്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. അഹമ്മദാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കളിയിലും ക്യാപ്റ്റൻസിയും തഴക്കവും വഴക്കവും വന്ന മഹേന്ദ്ര സിംഗ് ധോണിയും ഓൾറൗണ്ട് മികവുമായി മുന്നിൽനിന്ന് നയിക്കുന്ന ഹാർദിക് പണ്ഡ്യയും നേർക്കുനേർ. ഡേവിഡ് മില്ലറുടെ അഭാവം നികത്താനാവില്ലെങ്കിലും കെയ്ൻ വില്യംസന്റെ സ്ഥിരതയാർന്ന പ്രകടനം ടൈറ്റൻസിന് കരുത്താവും.

ശുഭ്മാൻ ഗിൽ തകർപ്പൻ ഫോമിൽ. റാഷിദ് ഖാൻ, ശിവം മാവി, അൽസാരി ജോസഫ്, മുഹമ്മദ് ഷമി എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയും സുസജ്ജം. ഹാർദിക്കിന്റെയും രാഹുൽ തെവാത്തിയയുടേയും ഓൾറൗണ്ട് മികവുകൂടി ചേരുമ്പോൾ ടൈറ്റൻസിന് ആശങ്കകളൊന്നുമില്ല. റുതുരാജ് ഗെയ്ക്‌വാദ്, ബെൻ സ്റ്റോക്‌സ്, ഡെവോൺ കോൺവേ, ആംബാട്ടി റായ്ഡു എന്നിവരുടെ ബാറ്റിലേക്കാണ് സൂപ്പർ കിംഗ്‌സ് ഉറ്റുനോക്കുന്നത്. മോയിൻ അലിയും രവീന്ദ്ര ജഡേജയും ശിവം ദുബേയും പന്തുകൊണ്ടും ബാറ്റുകൊണ്ടും കളിതിരിക്കാൻ ശേഷിയുള്ളവർ.

ദീപക് ചാഹറിനെയും മിച്ചൽ സാന്റ്‌നറെയും മാറ്റിമിർത്തിയാൽ ധോണിക്ക് വിശ്വസിച്ച് പന്തേൽപിക്കാവുന്ന ബൗളർമാരില്ല എന്നതാണ് ചെന്നൈയുടെ ദൗർബല്യം. കഴിഞ്ഞ സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്ത് ടൈറ്റൻസിനൊപ്പം.

ചെന്നൈ സൂപ്പർ കിംഗ്‌സ് സാധ്യതാ ഇലവൻ: ഡെവോൺ കോൺവേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, മൊയീൻ അലി, ബെൻ സ്റ്റോക്സ്, ശിവം ദുബെ, എംഎസ് ധോണി , രവീന്ദ്ര ജഡേജ, ദീപക് ചാഹർ, മുകേഷ് ചൗധരി, മിച്ചൽ സാന്റ്‌നർ.

ഗുജറാത്ത് സാധ്യതാ ഇലവൻ: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, ഹാർദിക് പാണ്ഡ്യ, മാത്യു വെയ്ഡ്, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, സായ് കിഷോർ, യാഷ് ദയാൽ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി.

Top