ഗുജറാത്ത് കലാപകേസ്; ബിൽക്കിസ് ബാനു നൽകിയ ഹ‌ർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി

ഡൽഹി:ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു നൽകിയ ഹ‌ർജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീം കോടതി ജഡ്ജി ബേല എം ത്രിവേദി പിന്മാറി. ജസ്റ്റിസ് അജയ് രസ്തോഗിയും ജസ്റ്റിസ് ബേല എം ത്രിവേദിയും അംഗമായ ബെഞ്ചിലാണ് ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നത്.

ഹർജി പരിഗണനയ്ക്കെത്തിയപ്പോൾ തങ്ങളിലൊരാൾ അംഗമല്ലാത്ത ബെ‍ഞ്ചിൽ കേസ് ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് അജയ് രസ്തോഗി നിർദേശിച്ചു. കേസിൽനിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ബേല എം ത്രിവേദിയും അറിയിച്ചു. 2004 മുതൽ 2006 വരെ ഗുജറാത്ത് സർക്കാറിന്റെ നിയമകാര്യ സെക്രട്ടറിയായി ബേല എം ത്രിവേദി പ്രവർത്തിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി പൂർത്തിയാകും മുൻപ് ഗുജറാത്ത് സർക്കാർ 11 പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹർജിയിൽ ചോദ്യംചെയ്യുന്നത്.

Top