ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി;സുപ്രീംകോടതി വിശദീകരണം തേടി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേയ്ക്ക് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. കമ്മീഷന്‍ ഇക്കാര്യത്തില്‍ ജൂണ്‍ 24 തിങ്കളാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന്‌ കോടതി ആവശ്യപ്പെട്ടു.

അമിത് ഷായും, സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ രണ്ട് രാജ്യസഭാ സീറ്റുകള്‍ ഒഴിവുവന്നത്. ഈ രണ്ട് സീറ്റുകളിലേക്കാണ് രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് മാത്രമെ പ്രതിനിധ്യം ഉണ്ടാവുകയുള്ളൂ.

ഈ വിഷയം ചൂണ്ടികാട്ടി കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കമ്മീഷനോട് വിശദീകരണം തേടിയത്. കമ്മീഷന്റെ വിശദീകരണം ലഭിച്ചതിനു ശേഷം ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

Top