സ്വപ്നങ്ങൾ വിൽക്കുന്നവർ ജയിക്കുമോ? ​ഗുജറാത്തിൽ തമ്മിലടിച്ച് അമിത് ഷായും കെജ്രിവാളും

ഗാന്ധിന​ഗർ‌: സ്വപ്നങ്ങളെച്ചൊല്ലി ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലടിക്കുന്ന കാഴ്ച‌യാണ് ​ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ന് കണ്ടത്. കേന്ദ്രമന്ത്രി അമിത് ഷായും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണ് ‘സ്വപ്നങ്ങൾ വിൽക്കുന്നവർ’ പരാമർശത്തിൽ കുടുങ്ങി തമ്മിലടിച്ചത്.

സ്വപ്നങ്ങളെ കച്ചവടം നടത്തുന്നവർക്ക് ​ഗുജറാത്തിൽ വിജയിക്കാനാവില്ല എന്ന് പറഞ്ഞ് അമിത് ഷായാണ് വാക്പോരിന് തുടക്കമിട്ടത്. ”അദ്ദേഹം പറഞ്ഞത് തീർച്ചയായും ശരിയാണ്, കള്ളപ്പണം പിടിച്ചുകൊടുത്താൽ 15 ലക്ഷം നൽകുമെന്ന് പറഞ്ഞവരെ ഒരിക്കലും വിശ്വസിക്കരുത്” കെജ്രിവാൾ തിരിച്ചടിച്ചു. സ്വന്തം മണ്ഡലമായ ​ഗാന്ധിന​ഗറിലെ ചില പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂ‌ടെ നിർവ്വഹിക്കവേയായിരുന്നു അമിത് ഷായുടെ പരാമർശം. ഭീമമായ ഭൂരിപക്ഷത്തിൽ ​ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് അമിത് ഷാ അവകാശപ്പെ‌ട്ടത്.

കള്ളസ്വപ്നങ്ങൾ വിൽക്കുന്നവരെ ജനങ്ങൾ വിശ്വസിക്കില്ല എന്നതിൽ തനിക്ക് ഉറപ്പാണെന്ന് കെജ്രിവാൾ തിരിച്ചടിച്ചു. അങ്ങനെയുള്ളവരെ വിശ്വസിക്കുന്നതിന് പകരം ദില്ലിയിലും പഞ്ചാബിലും സൗജന്യ വൈദ്യുതി നൽകിയവരെ വിശ്വസിക്കൂ. അവർ ​ഗുജറാത്തിലും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ​ഗുജറാത്തിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണെന്ന് ഉറപ്പാണെന്ന് അമിത് ഷാ അവകാശപ്പെടുന്നു. ​ഗുജറാത്തിലെ ജനങ്ങളെ അറിയാം. അവർ പ്രവർത്തികൊണ്ടാണ് ആളുകളെ തിരിച്ചറിയുന്നത്. അങ്ങനെ പ്രവർത്തിക്കുന്നവരാകട്ടെ ബിജെപിയിലാണുള്ളത്. ബിജെപിയുടെ വിജ‌യം സുനിശ്ചിതമാണെന്നും അമിത് ഷാ പറയുന്നു.

Top