കോവിഡ് 19; ചാണകമടങ്ങിയ ആയുര്‍വേദ മരുന്ന് പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്‌

അഹ്മദാബാദ്: കോവിഡ് പ്രതിരോധത്തിന് ചാണകമടങ്ങിയ ആയുര്‍വേദ മരുന്ന് കണ്ടെത്തിയതായി ഗുജറാത്തിലെ രാഷ്ട്രീയ കാംധേനു ആയോഗ് ചെയര്‍മാന്‍ ഡോ. വല്ലഭ് കതാരിയ. പശുവിന്‍ ചാണകം, മൂത്രം, പാല്‍, വെണ്ണ, നെയ്യ് എന്നിവയടങ്ങിയ പഞ്ചഗവ്യത്തില്‍ നിന്നാണ് മരുന്ന് നിര്‍മ്മിച്ചിരിക്കുന്നതെന്നും കാലങ്ങളായി ഇന്ത്യയില്‍ ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സര്‍ക്കാര്‍ ആശുപത്രിയിലടക്കം ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 10 ആശുപത്രികളില്‍ ട്രയല്‍ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മണ്ഡലമായ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ അടുത്ത ദിവസം തന്നെ ഇത് പരീക്ഷണം ആരംഭിക്കും. തുടര്‍ന്ന് അഹ്മദാബാദ്, സൂറത്ത്, പുണെ, ഹൈദരാബാദ്, ജോധ്പൂര്‍ എന്നിവിടങ്ങളിലും പരീക്ഷണം നടത്തും. ആധുനിക വൈദ്യശാസ്ത്ര മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും മരുന്ന് പരീക്ഷണമെന്നും ഇവര്‍ അറിയിച്ചു.

ചില രോഗങ്ങള്‍ക്ക് പശുമൂത്രവും ചാണകവും ഗുണകരമാണെന്ന് ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് -19 ചികിത്സിക്ക് ഇവയില്‍നിന്ന് നിര്‍മിച്ച മരുന്നിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നതിനാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.
”പഞ്ചഗവ്യത്തിന്റെ ഫലപ്രാപ്തി ഇന്ത്യയില്‍ നൂറ്റാണ്ടുകളായി അറിയപ്പെടുന്നുണ്ടെങ്കിലും ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല. കോവിഡിന് മരുന്ന് കണ്ടെത്താന്‍ ലോകം പാടുപെടുന്ന ഈ സമയത്ത്, പഞ്ചഗവ്യ മരുന്ന് ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്” – കതിരിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പരീക്ഷണത്തിന് സമ്മതിക്കുന്ന രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുകയും അവരുടെ പുരോഗതി ശാസ്ത്രീയമായി രേഖപ്പെടുത്തുകയും ചെയ്യും. ക്ലിനിക്കല്‍ ട്രയല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് താരതമ്യവും വിശകലനവും നടത്തും. വിവിധ കേന്ദ്രങ്ങളിലെ പരീക്ഷണം പൂര്‍ത്തിയായാല്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കും -അദ്ദേഹം പറഞ്ഞു. ഇത്തരമൊരു മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഇതാദ്യമായാണ് നടക്കുന്നതെന്ന് ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഹിതേഷ് ജാനി പറഞ്ഞു. പാല്‍പ്പൊടിക്ക് സമാനമായ രൂപത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍ മരുന്ന് തയ്യാറാക്കിയത്. രോഗിക്ക് വെള്ളമോ പാലോ ഉപയോഗിച്ച് എളുപ്പത്തില്‍ കഴിക്കാന്‍ കഴിയും -അദ്ദേഹം പറഞ്ഞു.

മരുന്ന് ഏത് വൈദ്യശാസ്ത്ര ശാഖയില്‍ നിന്നാണ് എന്നതല്ല, എത്രമാത്രം ഫലപ്രദമാണ് എന്നതാണ് നോക്കേണ്ടതെന്ന് അഹ്മദാബാദ് എസ്.ജി.വി.പി ഹോസ്പിറ്റലിലെ ഡോ. സൗമില്‍ സാംഘ്വി അഭിപ്രായപ്പെട്ടു. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഇതിനകം തന്നെ തങ്ങള്‍ ചില ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ അവ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിന് മരുന്ന് കണ്ടെത്താന്‍ ലോകം മുഴുവന്‍ പാടുപെടുന്ന സമയത്ത് ഇന്ത്യയുടെ പുരാതന ശാസ്ത്രം പ്രയോജനപ്പെടുമെന്ന് ഗുജറാത്തിലെ ബി.ജെ.പി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. ആളുകള്‍ക്ക് നല്‍കുന്നതിന് മുമ്പ് ആവശ്യമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കടുത്ത ശ്വാസകോശ സംബന്ധമായ അസുഖം വരെ ബാധിക്കാന്‍ ഇടയുള്ളതിനാല്‍ കോവിഡ് രോഗികള്‍ക്ക് പെട്ടെന്നുള്ള ആശ്വാസമാണ് ആവശ്യമെന്നും അതിന് അലോപ്പതിയാണ് നല്ലതെന്നും ശാസ്ത്രീയ തെളിവ് ലഭിക്കുന്നതുവരെ, ആയുര്‍വേദത്തേക്കാള്‍ അലോപ്പതി മരുന്നാണ് ഞാന്‍ ഇഷ്ടപ്പെടുന്നതെന്നും പ്രശസ്ത സര്‍ജന്‍ ഡോ. ദിപക് വഡോദാരിയ പറഞ്ഞു.

Top