ഗുജറാത്ത് തിരഞ്ഞെടുപ്പ്; അമിത് ഷാ വോട്ടു രേഖപ്പെടുത്തി, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകീട്ട്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുരയിലെ പോളിങ് ബൂത്തിലെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്.

സംസ്ഥാനത്തിന്റെ വികസനത്തിനായി എല്ലാവരും വോട്ട് ചെയ്യണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നതെന്നും, ജനാധിപത്യത്തിന്റെ ആഘോഷത്തില്‍ എല്ലാവരും പങ്കു ചേരണമെന്നും അമിത് ഷാ പറഞ്ഞു.

വോട്ട് ചെയ്തതിനുശേഷം അമിത് ഷാ കാമേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി.

വോട്ട് രേഖപ്പെടുത്താനായി രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറിലെ പോളിങ് ബൂത്തിലെത്തിയിരുന്നു.

പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേലിന്റെ മാതാപിതാക്കളായ ഭാരത് പട്ടേല്‍, ഉഷാ പട്ടേല്‍ തുടങ്ങിയവരും രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.

പോളിങ് പൂര്‍ത്തിയായ ശേഷം ഇന്നു വൈകീട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.

അതേസമയം വഡോദര നഗരത്തിലെ മൂന്നു പോളിങ് സ്റ്റേഷനുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു തകരാര്‍ സംഭവിച്ചു.

ഇവിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറി നല്‍കിയിട്ടുണ്ട്.

Top