ഗുജറാത്ത് ‘മോഡൽ’ കേരളത്തിലോ ? ഇടതുപക്ഷത്തെ വെട്ടിലാക്കിയ നിലപാട്

ഗുജറാത്ത് മോഡൽ ഭരണനിർവ്വഹണം പഠിക്കാൻ പ്രതിനിധി സംഘത്തെ അയച്ച കേരള സർക്കാറിന്റെ നടപടി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയ കാലം മുതൽ ഗുജറാത്ത് മോഡലിനെ ശക്തമായി എതിർത്ത പാർട്ടിയാണ് സി.പി.എം. അവിടെ നടന്ന കലാപങ്ങളെയും ശക്തമായാണ് ഇടതുപക്ഷം എതിർത്തിരുന്നത്. മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ അഭിനന്ദിച്ച അന്നത്തെ എംപി കൂടി ആയിരുന്ന അബ്ദുള്ളക്കുട്ടിയുടെ നിലപാടിനെ പോലും തള്ളിപ്പറഞ്ഞ പാർട്ടിയാണ് സി.പി.എം. ആ പാർട്ടി നേതൃത്വം നൽകുന്ന സർക്കാറാണിപ്പോൾ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലേക്ക് ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന സംഘത്തെ അയക്കുന്നത്. ഇത് കേട്ട് ഞെട്ടിയിരിക്കുകയാണിപ്പോൾ ഇടതുപക്ഷ അണികൾ.

കിട്ടിയ അവസരം ഉപയോഗപ്പെടുത്തി യു.ഡി.എഫ് നേതാക്കളും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇതും ഇടതുപക്ഷത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് സി.പി.എമ്മിനെ സംബന്ധിച്ച് വെട്ടിലാക്കുന്നതാണ്.”എല്ലാമേഖലയിലും നമ്പർ വണ്ണെന്ന് കോടികൾ ചെലവാക്കി പരസ്യം നൽകുന്ന മുഖ്യമന്ത്രിക്ക് ഗുജറാത്തിൽ നിന്ന് ഇനിയെന്ത് പഠിക്കാനാണുള്ളതെന്നാണ് “കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകരൻ ചോദിച്ചിരിക്കുന്നത്.

തീവ്രഹിന്ദുത്വ നിലപാടുകളുടെ വിളനിലവും ന്യൂനപക്ഷങ്ങളുടെ രക്തം വീണ് കുതിർന്നതുമായ ഗുജറാത്ത് മാതൃക പകർത്തി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൻറെ ഭാഗമാണോ ഈ തീരുമാനമെന്നു വ്യക്തമാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

കോർപ്പറേറ്റുകളുടെ സമ്പത്തിൽ വൻ വർധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്നതാണ് ‘ഗുജറാത്ത് മോഡൽ വികസനമെന്നും, വൃന്ദാകരാട്ട് ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ ദേശീയ നേതൃത്വം തുടർച്ചയായി വിമർശിക്കുന്ന ഗുജറാത്ത് മോഡൽ വികസനം പഠിക്കാനാണ് മുഖ്യമന്ത്രി തന്റെ ഉദ്യോഗസ്ഥരെ അയക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും തിരിച്ചറിയാതെ ഒരുവിഭാഗത്തിന്റെ മാത്രം താൽപ്പര്യം സംരക്ഷിച്ച് ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിക്കുന്ന സമീപനമാണ് ഗുജറാത്ത് സർക്കാരിന്റെത്. കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരളസർക്കാരിനും ഗുജറാത്ത് സർക്കാരിനും ഇക്കാര്യത്തിൽ സമാനതകൾ ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ റെയിൽ വിഷയത്തിൽ ബി.ജെ.പി സ്വീകരിച്ച നിലപാട് തട്ടിപ്പാണെന്നും, അതിന് കേന്ദ്രാനുമതി ഉറപ്പാണെന്നുമാണ് കോൺഗ്രസ്സ് നേതൃത്വം വിശ്വസിക്കുന്നത്. മോദി – പിണറായി രഹസ്യധാരണ ഉണ്ടെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രചരണം നടത്തുമെന്നും കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാപരമായി ഏറെ വെല്ലുവിളി നേരിടുന്ന യു.ഡി.എഫിനെ സംബന്ധിച്ച് വീണു കിട്ടിയ നല്ലൊരു ‘ആയുധ’മാണ് കേരള സംഘത്തിന്റെ ഗുജറാത്ത് സന്ദർശനം.

ഇ ഗവേണൻസിനുള്ള ഡാഷ് ബോർഡ് സംവിധാനം പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ട രണ്ടംഗ സംഘത്തെ മൂന്ന് ദിവസം ഗുജറാത്തിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ തത്മസയം ഇതുവഴി വിലയിരുത്താം. ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പുകൾക്ക് സ്റ്റാർ റേറ്റിംഗും നൽകാം. ഇതു വഴി ആരോഗ്യകരമായ മത്സരം സിവിൽ സർവ്വീസ് രംഗത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച്ചയിലും ഗുജറാത്ത് മോഡൽ ചർച്ചയായിരുന്നു. കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനത്തെ കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ ഓഫീസിൻറെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫീസർ ഉമേഷ് എൻ എസും ഗുജറാത്തിലേക്ക് പോകുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകും. ഉദ്യോഗസ്ഥർക്ക് മാർക്കിട്ട് പ്രവർത്തനം വിലയിരുത്താൻ ഒരുങ്ങുന്ന കേരളം ഇനി ഗുജറാത്ത് ഡാഷ് ബോർഡ് കൂടി മാതൃകയാക്കാനാണ് നീക്കം. ഇതാണിപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സി.പി.എം കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടും ഏറെ നിർണ്ണായകമാണ്.

Top