ഗുജറാത്ത്-ഹിമാചല്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് വെള്ളിയാഴ്ച തീരുമാനമുണ്ടാകും

ന്യൂഡല്‍ഹി : ഗുജറാത്ത്-ഹിമാചല്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് വെള്ളിയാഴ്ച്ചയോടെ തീരുമാനമുണ്ടാകും. രണ്ടിടത്തും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമായിക്കഴിഞ്ഞു. ഗുജറാത്തില്‍ വിജയ് രൂപാണിയെ മാറ്റി സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും തീരുമാനം അറിഞ്ഞ ശേഷം കേന്ദ്ര നിരീക്ഷകര്‍ എംഎല്‍എമാരുടെ യോഗം വിളിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള ആദ്യ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ സംസാരിക്കും.

നിരീക്ഷകരായി ചുമതലയേറ്റ അരുണ്‍ ജെയ്റ്റ്ലിയും, നിര്‍മ്മലാ സീതാരാമനും അധികം വൈകാതെ ബിജെപി സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ഗുജറാത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും, ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡക്കുമാണ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളുടെ ചുമതല. ബിജെപി സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്തിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. മോദിയുടെ അഭിപ്രായം ഹിമാചലിലും ഗുജറാത്തിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായകമാണ്. നിര്‍മ്മലാ സീതാരാമനും, നരേന്ദ്രസിംഗ് തോമറിനുമാണ് ഹിമാചല്‍പ്രദേശിന്റെ ചുമതല. ഹിമാചലില്‍ എംഎല്‍എമാരും, പ്രേംകുമാര്‍ ധുമലുമായും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇവര്‍ കൂടിക്കാഴ്ച നടത്തും.

Top