ഗുജറാത്തില്‍ കഴുതകളുടെ എണ്ണം കുത്തനെ കുറയുന്നതായി പഠനം

ഗുജറാത്തില്‍ കഴുതകളുടെ എണ്ണം കുത്തനെ കുറയുകയാണെന്ന് ഒരു പുതിയ പഠനം. യുകെ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇക്വിന്‍ ചാരിറ്റി ബ്രൂക്കിന്റെ ചാപ്റ്ററായ ബ്രൂക്ക് ഇന്ത്യ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കഴുതകളുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയ ആദ്യ മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. അവിടെ കഴുതയുടെ എണ്ണത്തില്‍ 70.94 ശതമാനം ഇടിവുണ്ടായതായി പഠനം പറയുന്നു.

മേച്ചില്‍പ്പുറങ്ങളുടെ കുറവും, മോഷണവും, അനധികൃത കശാപ്പുമൊക്കയാണ് ഇതിന് കാരണങ്ങളായി ബ്രൂക്ക് ചൂണ്ടിക്കാണിക്കുന്നത്. കഴുതകളെ നിയമവിരുദ്ധമായ കശാപ്പ് ചെയ്യുന്നതില്‍ ചൈനയ്ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം ഇന്ത്യയിലെ മൊത്തം കഴുതകളുടെ എണ്ണം നിലവില്‍ 1.12 ലക്ഷമാണ്.

2012 ല്‍ നടന്ന മുന്‍ സെന്‍സസിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 61.23 ശതമാനത്തിന്റെ ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്. ഗുജറാത്തില്‍, കഴുതകളുടെ എണ്ണം 2012 ല്‍ 39,000 ആയിരുന്നത് 2019 ല്‍ 11,000 ആയി കുറഞ്ഞു. രാജസ്ഥാനിലും, ഉത്തര്‍പ്രദേശിലും സമാനമായ അവസ്ഥയാണ് ഉള്ളത്. ഗുജറാത്ത്, നേപ്പാള്‍ അതിര്‍ത്തി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നടത്തിയ ഫീല്‍ഡ് സന്ദര്‍ശനങ്ങളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തില്‍, തോലിനും മാംസത്തിനുമായി കഴുതകളെ നിയമവിരുദ്ധമായി കൊല്ലുന്നതായി പഠനം കണ്ടെത്തി.

ഇത് കൂടാതെ, കഴുതകളെ മരുന്നുണ്ടാക്കുന്നതിന്റെ ഭാഗമായും കൊന്ന് തള്ളുന്നുവെന്ന് പഠനം പറയുന്നു. രക്തസ്രാവം, തലകറക്കം, ഉറക്കമില്ലായ്മ, വരണ്ട ചുമ തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു പരമ്പരാഗത ചൈനീസ് മരുന്നാണ് ‘എജിയാഡോ’. ഇത് ടോണിക്കുകളിലും ഫേസ് ക്രീമുകളിലും ഒരു ഘടകമായും ഉപയോഗിക്കുന്നു.

കഴുതയുടെ തൊലി തിളപ്പിച്ച് ലഭിക്കുന്ന ജെലാറ്റിനില്‍ നിന്നാണ് എജിയാഡോ ഉണ്ടാക്കുന്നത്. ഓരോ വര്‍ഷവും ഇതിന്റെ പേരില്‍ ദശലക്ഷക്കണക്കിന് കഴുതകളാണ് കൊല്ലപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

Top