അയോധ്യ സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ പ്രഖ്യാപിച്ച് ഗുജറാത്ത് മന്ത്രി

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് അയോധ്യ സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ പ്രഖ്യാപിച്ച് സംസ്ഥാന വിനോദ സഞ്ചാരം, തീര്‍ത്ഥാടന വകുപ്പ് മന്ത്രി പൂര്‍ണേഷ് മോദി. ആദിവാസി ഭൂരിപക്ഷമുള്ള ദാങ്സ് ജില്ലയിലെ ശബരിധാമില്‍ ദസറയോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ദസറ ആഘോഷം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ 14 ശതമാനമുള്ള ആദിവാസി വോട്ടുകള്‍ നിര്‍ണായകമാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ് ആദിവാസി വിഭാഗം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അവര്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ആദിവാസി വോട്ടുകള്‍ നിര്‍ണായക ശക്തിയാകും. 35 സീറ്റുകളിലാണ് ആദിവാസി വോട്ടുകള്‍ വിജയിയെ നിര്‍ണയിക്കുക.

അടുത്ത വര്‍ഷത്തോടെ യുപിയിലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിച്ചത്. നിര്‍മാണം പുരോഗമിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ഗുജറാത്തില്‍ നിന്നാണ് ആരംഭിച്ചത്. രാമക്ഷേത്രത്തിന്റെ ആര്‍കിടെക്ട് ചന്ദ്രകാന്ത് സോംപുരയും ഗുജറാത്തുകാരനാണ്.

Top