പുതിയ നീക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍; പ്രണയവിവാഹങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കും

ഗാന്ധിനഗര്‍: പ്രണയവിവാഹങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഇതിന്റെ സാധ്യതകള്‍ പഠിക്കാനും ഭരണഘടനപരമായി സാധുവാണെങ്കിലേ പഠനത്തിന് പ്രസക്തിയുള്ളൂവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. വിവാഹത്തിലൂടെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമാക്കുന്ന നിയമം ഗുജറാത്ത് 2021-ല്‍ നടപ്പാക്കിയിരുന്നു. ഇതിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതിവിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനിടെയാണ് പുതിയ സാധ്യതയുമായി സര്‍ക്കാര്‍ വീണ്ടും എത്തുന്നത്.

ഭരണഘടനാപരമാണെങ്കില്‍ പ്രണയ വിവാഹത്തെപ്പറ്റി സമഗ്രമായി പഠിക്കാനും പരിഹാരം കണ്ടെത്താനും തയ്യാറാണെന്ന് മുഖ്യമന്ത്രി പറയുന്നു. പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നതിനാല്‍ വിവാഹങ്ങള്‍ക്ക് അച്ഛനമ്മമാരുടെ അനുമതി നിര്‍ബന്ധമാക്കുന്നത് പഠിക്കണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ ആവശ്യം ഉന്നയിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവങ്ങള്‍ പുനഃപരിശോധിക്കണമെന്നും എല്ലാ ഒരു പഠനം നടത്തണമെന്നും മാതാപിതാക്കളുടെ സമ്മതം അതില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അത്തരത്തിലുള്ള എന്തെങ്കിലും നിയമനിര്‍മ്മാണം നിയമസഭയില്‍ അവതരിപ്പിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ഒരു നിയമസഭാംഗം പറഞ്ഞു. പ്രണയവിവാഹങ്ങളില്‍ രക്ഷിതാക്കള്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രണയവിവാഹങ്ങള്‍ സംബന്ധിച്ച് ഭരണഘടനാപരമായി സാധ്യമായ ഒരു പ്രത്യേക സംവിധാനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് എംഎല്‍എ ഇമ്രാന്‍ ഖേദാവാല പറഞ്ഞു.

Top