മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തും പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതം കുറച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതമാണ് കുറച്ചത്. ഇതോടെ ഇരു സംസ്ഥാനങ്ങളിലും പെട്രോള്‍, ഡീസല്‍ വിലയില്‍ അഞ്ച് രൂപയുടെ വീതം കുറവുണ്ടാകും.

1.50 രൂപ എക്‌സൈസ് തീരുവയും ഒരു രൂപ എണ്ണക്കമ്പനികളും കുറച്ച് ഇന്ധന വില ലിറ്ററിന് 2.50 രൂപ കേന്ദ്രം കുറച്ചിരുന്നു. കേന്ദ്രം തീരുവ കുറച്ച മാതൃകയില്‍ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നു.

പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നത് ജനങ്ങളെ വളരെയധികം വലച്ചിരുന്നു. എണ്ണവില ഓരോ ദിവസവും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു.

അതേസമയം, കേരളം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവനായി കുറയ്ക്കട്ടെയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ധനവില രണ്ടു രുപ അമ്പതു പൈസ വീതം കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം അറിയിച്ചതിനുള്ള മറുപടിയാണ് തോമസ് ഐസക് നല്‍കിയിരിക്കുന്നത്.

Top