ഗുജറാത്ത് വിജയാഹ്ലാദത്തില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി; ടീം ഗുജറാത്തിന് അഭിനന്ദനം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഗുജറാത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ബിജെപി അധികാരം ഉറപ്പിച്ച സാഹചര്യത്തിലാണ് മോദി പ്രവര്‍ത്തകരെ കാണുന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തുന്ന മോദി ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കു ചേരും.

ഗുജറാത്തില്‍ ബിജെപിയുടെ വമ്പന്‍ കുതിപ്പില്‍ പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു. ഗുജറാത്തില്‍ 153 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 1985 ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റെന്ന റെക്കോഡാണ് ബിജെപി മറികടന്നത്.

തൂക്കുപാലം തകര്‍ന്ന് നൂറിലേറെ പേര്‍ മരിച്ച മോര്‍ബിയിലും ബിജെപിയാണ് മുന്നില്‍. ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന പ്രതിപക്ഷത്തിന്റെ പ്രതീക്ഷകളെ തച്ചുതകര്‍ത്ത്, തുടര്‍ച്ചയായ ഏഴാം വട്ടമാണ് ബിജെപി അധികാരത്തിലേക്ക് കുതിക്കുന്നത്. ഇതോടെ ബംഗാളിലെ സിപിഎമ്മിന്റെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തിയാണ് ഗുജറാത്തില്‍ ബിജെപി വോട്ടു തേടിയത്. 30 ലേറെ റാലികളിലാണ് മോദി പ്രസംഗിച്ചത്. ബിജെിയുടെ മുഖ്യ പ്രചാരകനും മോദി തന്നെയായിരുന്നു. മോദി പ്രഭാവത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കഴിഞ്ഞ തവണ 77 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് 18 സീറ്റിലേക്ക് നിലംപൊത്തി.

Top