നിയമസഭാ തെരഞ്ഞെടുപ്പ് : ഒന്നാം ഘട്ട വോട്ടെടുപ്പ് ഗുജറാത്തില്‍ പുരോഗമിക്കുന്നു

vote

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് പോളിങ്ബൂത്തിലേക്ക്.

ആകെ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 89 സീറ്റിലേയ്ക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകള്‍ക്കുവേണ്ടി 977 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 2.12 കോടി സമ്മതിദായകരാണ് ആ മേഖലയിലുള്ളത്.മുഖ്യമന്ത്രി വിജയ് രുപാനി (രാജ്‌കോട്ട് വെസ്റ്റ്), കോണ്‍ഗ്രസിന്റെ ശക്തിസിങ് ഗാഹില്‍(മണ്ഡാവി), പരേഷ് ധനാനി(അംറേലി) എന്നിവരാണ് ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.

സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ 58 സീറ്റില്‍ 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 35 സീറ്റും കോണ്‍ഗ്രസ്സിന് 20 സീറ്റും ലഭിച്ചിരുന്നു
കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും അഭിഭാനപോരാട്ടമാണ് ഗുജറാത്തില്‍ നടക്കുന്നത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് പതിവിലേറെ രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നുമുണ്ട്.

വടക്കന്‍ ഗുജറാത്തിലെ 93 സീറ്റുകള്‍ക്കുവേണ്ടിയുള്ള വോട്ടെടുപ്പ് വരുന്ന പതിനാലാം തിയ്യതിയാണ്. 18 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

സമുദായ നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കോര്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയവരെ ഒപ്പം നിര്‍ത്താനായതിലൂടെയാണ് ജാതിരാഷ്ട്രീയം പ്രധാനപങ്ക് വഹിക്കുന്ന ഗുജറാത്തില്‍ കളംപിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

പ്രധാനമന്ത്രിയെ താഴ്ന്ന ജാതിക്കാരനെന്നാക്ഷേപിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും ഗുജറാത്തില്‍ മോദിക്കെതിരായ പരാമര്‍ശം തെരഞ്ഞെടുപ്പ് ചര്‍ച്ചയായി വളര്‍ന്നു കഴിഞ്ഞു. പാവപ്പെട്ട കുടുംബത്തില്‍നിന്നുവന്ന തന്നെ അപമാനിക്കുന്നത് ഗുജറാത്തിനെയാകെ അപമാനിക്കലാണെന്ന മോദിയുടെ പ്രസംഗം തിരിച്ചടിയാകുമോയെന്ന് കോണ്‍ഗ്രസിന് ഭയമുണ്ട്. ഈ സാഹചര്യം തങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Top