ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

അഹമ്മദാബാദ്: ഗുജറാത്തിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അവസാന നാളുകളിൽ വമ്പൻ പ്രചാരണ പരിപാടികളാണ് ബി ജെ പി നടത്തിയത്. അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും ബിജെപിയ്ക്കായി പ്രചാരണത്തിനെത്തി.

ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി രാഹുൽ ഗാന്ധി ഒരു ദിവസം ഗുജറാത്തിൽ പ്രചാരണത്തിന് എത്തി. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ മല്ലികാർജുൻ ഖാർഗെ രണ്ടുദിവസം തെരഞ്ഞെടുപ്പ് റാലികൾ നടത്തിയത് ഒഴിച്ച് നിർത്തിയാൽ വമ്പൻ റാലികൾ മാറ്റിനിർത്തിയുള്ള പ്രചാരണ രീതി ആയിരുന്നു കോൺഗ്രസ് സ്വീകരിച്ചത്. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നാടിളക്കി മറച്ചുള്ള പ്രചാരണമാണ് നടത്തിയത്. ഭഗവത് മന്നിന്റെ നേതൃത്വത്തിൽ പഞ്ചാബ് മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിന് എത്തി. ഇന്നലെ ജാംബറിൽ വെച്ച് പാർട്ടിയുടെ പ്രചാരണ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായി. ബിജെപിയാണ് ആക്രമണത്തിൽ നിന്ന് ആപ്പ് ആരോപിച്ചു.

അതിനിടെ, ഗുജറാത്തിൽ ബി ജെ പിക്ക് തിരിച്ചടിയായി നേതാവിന്റെ കൊഴിഞ്ഞുപോക്കും ഉണ്ടായി. പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ മന്ത്രി കോൺഗ്രസിൽ ചേർന്നു. ഗുജറാത്തിലെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ജയ നാരായൺ വ്യാസാണ് കോൺഗ്രസിൽ ചേർന്നത്. ഏറെ നാളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വ്യാസിന് ഇക്കുറി സീറ്റ് നൽകിയിരുന്നില്ല. ഇതോടെ കലഹം മൂത്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാസ് പാർട്ടി വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇദ്ദേഹത്തിൻറെ കോൺഗ്രസ് പ്രവേശനം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഖാർഗെയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബി ജെ പി സർക്കാരിൽ മന്ത്രിയായിരുന്നു വ്യാസ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ മുൻ മന്ത്രി കൂടി പാളയം മാറിയെത്തിയത് ഗുണമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബർ 1 ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പും ഡിസംബ‌ർ 5 ാം തീയതി രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഭരണത്തുടർച്ച ലഭിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. എന്നാൽ ഇക്കുറി ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും ഭരണത്തിൽ തിരിച്ചെത്തുമെന്നുമാണ് കോൺഗ്രസ് അവകാശവാദം. അതേസമയം തന്നെ അട്ടിമറി വിജയം സ്വപ്നം കണ്ട് ആം ആദ്മിയും വലിയ പോരാട്ടമാണ് പുറത്തെടുക്കുന്നത്.

Top