നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഗുജറാത്തില്‍ ആരംഭിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 93 മണ്ഡലങ്ങളിലായി 851 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഏകദേശം 2.22 കോടി വോട്ടര്‍മാരാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്.
25558 പോളിംഗ് ബൂത്തുകളാണ് ആകെയുള്ളത്.

ബിജെപിയെ കൈവിടരുതെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഗുജറാത്തിനെ പുതിയ ഉയരത്തില്‍ എത്തിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും അവസാന ഘട്ട പ്രചരണത്തിനിടെ മോദി പറഞ്ഞു. അതേസമയം ഗുജറാത്തില്‍ നിന്നും മികച്ച വിജയം ലഭിക്കുമെന്ന് കോണ്‍ഗ്രസിന്റെ നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞു.

ഒന്‍പതാം തീയതി നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലുള്‍പ്പടെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

ആദ്യഘട്ടത്തില്‍ വോട്ടിംഗ് മെഷീനുകളില്‍ പ്രശ്‌നങ്ങള്‍ വ്യാപകമായി കണ്ടെത്തിയിരുന്നു. ചിലയിടത്ത് അട്ടിമറി സാധ്യത നടന്നതായി കോണ്‍ഗ്രസ്സ് നല്‍കിയ പരാതിയുമുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാംഘട്ടത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറക്കാന്‍ മുന്നൊരുക്കം നടത്തിയിതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Top