കൊവിഡ് മരുന്നുതട്ടിപ്പ്; റെംഡെസിവിര്‍ കുപ്പിയില്‍ വെള്ളം നിറച്ച് കൊള്ളവിലയ്ക്ക് വില്‍പന

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നു കുപ്പിയില്‍ വെള്ളം നിറച്ച് വന്‍വിലയ്ക്ക് വില്‍പന.  ഗുജറാത്തിലെ യോഗിചൗക്കിലാണ് സംഭവം. രാജ്യത്ത് കൊവിഡ് മരുന്നുകള്‍ക്കും വാക്സിനും വന്‍ ക്ഷാമം നേരിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ നാട്ടില്‍ നിന്ന് മരുന്നുതട്ടിപ്പ് വാര്‍ത്ത പുറത്തുവരുന്നത്.

ദിവ്യേഷ് എന്നു പേരുള്ളയാളാണ് കോവിഡ് രോഗികള്‍ക്കു നല്‍കുന്ന ഇന്‍ജക്ഷന് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നുകുപ്പിയില്‍ വെള്ളം നിറച്ചു വില്‍പന നടത്തുന്നതായി പരാതി ഉയര്‍ന്നത്. ഇതോടൊപ്പം കൊള്ള വിലയ്ക്കാണ് ഇയാള്‍ മരുന്നുകുപ്പികള്‍ വിറ്റിരുന്നത്. 7,000 രൂപയാണ് ഓരോ കുപ്പിക്കും ഇയാള്‍ ഈടാക്കുന്നത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി സാര്‍ത്ഥന പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചിട്ടുണ്ട്.

പ്രതിയില്‍ നിന്ന് ഇത്തരത്തില്‍ മരുന്ന് വാങ്ങിയ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, മരുന്നുവിതരണം നടന്നത് ഉംറാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നും പരാതി അവിടെയാണു നല്‍കേണ്ടതെന്നും പറഞ്ഞ് ആദ്യം ഇവരെ തിരിച്ചയക്കുകയാണുണ്ടായത്. തുടര്‍ന്ന് ഇരകള്‍ ഉംറാ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും അവിടെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയും സാര്‍ത്ഥന സ്റ്റേഷനിലേക്ക് ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു.

പിന്നീട് വളരെ വൈകിയാണ് സാര്‍ത്ഥന പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണമാരംഭിച്ചത്. മരുന്നുകുപ്പികള്‍ വ്യാജമാണോ അതോ കാലാവധി തീര്‍ന്നതാണോ എന്നു പരിശോധിച്ചുവരികയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ സികെ പട്ടേല്‍ പറഞ്ഞു. മരുന്നിന് ക്ഷാമം നേരിടുന്ന സമയത്ത് അനധികൃതമായി കൊള്ളവിലയ്ക്ക് മരുന്ന് വില്‍പ്പന നടത്തിയതാണ് പ്രഥമദൃഷ്ട്യാ കേസ്. കുപ്പിയില്‍ വെള്ളമാണുള്ളതെന്നാണ് പരാതിക്കാര്‍ പറയുന്നതെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരന്റെ കുടുംബാംഗത്തെ കൊവിഡ് ബാധിച്ച് യോഗിചൗക്കില്‍ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍ ഇന്‍ജെക്ഷന്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ റെംഡെസിവിര്‍ സംഘടിപ്പിക്കാനായില്ല. തുടര്‍ന്ന് പുറത്ത് അന്വേഷിച്ചപ്പോഴാണ് ദിവ്യേഷിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്.

ഇയാളെ ബന്ധപ്പെട്ടപ്പോള്‍ ഇന്‍ജെക്ഷന്‍ ഒന്നിന് 7,000 രൂപ നിരക്കില്‍ നല്‍കാമെന്ന് അംഗീകരിക്കുകയും ഇയാളുടെ പക്കല്‍നിന്ന് ഇന്‍ജെക്ഷന്‍ എടുക്കുകയും ചെയ്തു. തിരിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് ഇന്‍ജെക്ഷന്‍ വ്യാജമാണെന്നും മരുന്നുകുപ്പിയുടെ കാലാവധി 2020ല്‍ അവസാനിച്ചതാണെന്നും മനസിലായത്.

സാധാരണ പൊടിരൂപത്തിലാണ് റെംഡെസിവിര്‍ മരുന്നുകള്‍ ലഭിക്കാറെങ്കിലും പ്രതിയില്‍നിന്ന് ലഭിച്ച കുപ്പിയില്‍ ദ്രാവകരൂപത്തിലായിരുന്നു. ഇതും സംശയമുണര്‍ത്തിയതോടെ പരാതിക്കാര്‍ വിതരണക്കാരനെ തിരിച്ചുവിളിച്ചപ്പോള്‍ പ്രതി വ്യാജ മരുന്നാണ് നല്‍കിയതെന്ന് സമ്മതിച്ചത്രെ. തുടര്‍ന്ന് പണം ഗൂഗിള്‍പേ വഴി തിരിച്ചടക്കുകയും ചെയ്തു. പിന്നീട് മരുന്നുകൂപ്പികള്‍ തിരിച്ചുവാങ്ങാന്‍ എത്തിയപ്പോഴാണ് ഇയാളെ പരാതിക്കാരും നാട്ടുകാരും ചേര്‍ന്നു പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.

 

 

Top