കോവിഡില്‍ വിറങ്ങലിച്ച് ഗുജറാത്ത്; നമസ്‌തേ ട്രംപ് മോദിയുടെ പ്രതിച്ഛായയെ ബാധിക്കുമോ ?

അഹമ്മദാബാദ്: കോവിഡ് ഭീതിയ്ക്ക് മുന്നില്‍ വിറങ്ങലിച്ച് ഗുജറാത്ത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്.ഇതുവരെ 6,625 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 396 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

സംസ്ഥാനത്ത് രോഗവ്യാപനവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുന്നത് കടുത്ത ആശങ്കയാണു കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും ഉണ്ടാക്കുന്നത്. ഗുജറാത്തില്‍ കോവിഡ് രോഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക കേന്ദ്രസര്‍ക്കാറിനെ കുറച്ചൊന്നുമല്ല കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഈ ആശങ്ക നിലനില്‍ക്കുന്നത് കൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ അതിശക്തമായ ഇടപെടലാണ് സംസ്ഥാനത്തു നടത്തികൊണ്ടിരിക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം, മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ മാറ്റി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് നിര്‍ദേശിച്ചിരിക്കുന്നത്. അഹമ്മദാബാദിലും സൂറത്തിലും പാലും മരുന്നും വില്‍ക്കുന്നത് ഒഴികെ എല്ലാ കടകളും ഒരാഴ്ചത്തേക്ക് അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അഹമ്മദാബാദില്‍ മേയ് 7 മുതലും സൂറത്തില്‍ ശനിയാഴ്ച മുതലും ഇതു നടപ്പാക്കും.

ഫെബ്രുവരി 24 ന് ‘നമസ്തേ ട്രംപ്’ പരിപാടി സംഘടിപ്പിച്ചതാണ് സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണമെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. ഇതേക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നും സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ബംഗാളിനെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.

ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 382 പുതിയ കേസുകളില്‍ 291 എണ്ണവും അഹമ്മദാബാദിലാണ്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളില്‍ 70 ശതമാനവും അഹമ്മദാബാദില്‍നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top