ട്രംപിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കം;വഴിയും പരിസരവും മോടി പിടിപ്പിച്ച് അധികൃതര്‍

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാന്‍ വന്‍ തയ്യാറെടുപ്പാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന അഹമ്മദാബാദിലെ വഴിയും പരിസരവും മോടി കൂട്ടുകയാണ് ഇപ്പോള്‍ അധികൃതര്‍.

ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ മറയ്ക്കാനായുള്ള ഭിത്തികളുടെ നിര്‍മാണം ആരംഭിച്ചു. അഞ്ഞൂറോളം കുടിലുകള്‍ സ്ഥിതി ചെയ്യുന്ന ശരണ്യവാസ് എന്നചേരി പ്രദേശത്ത് 2500ഓളം ആളുകളാണുള്ളത്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗാന്ധിനഗറിലേക്കുള്ള റോഡിന് സമീപത്തെ ചേരിപ്രദേശം മറച്ചുകൊണ്ട് 6-7 അടി ഉയരത്തില്‍ അര കിലോമീറ്ററോളം ദൂരത്തിലാണ് ഭിത്തി നിര്‍മിക്കുന്നത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭിത്തി നിര്‍മിക്കുന്നതിനൊപ്പം വഴിയോരത്ത് ഈന്തപ്പനകളും വെച്ചുപിടിപ്പിക്കുമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഈ മാസം 24-നാണ് ഇന്ത്യയിലെത്തുക. ട്രംപിന്റെ ഈ വര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഡല്‍ഹിക്കു പുറമേ ഗുജറാത്തും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അമേരിക്കന്‍, ഇന്ത്യന്‍ ജനതകള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതായി ജനുവരി 16 ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍
വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്.

Top