ഗുജറാത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വന്‍ മുന്നേറ്റം

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏകപക്ഷീയമായ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി ബഹുദൂരം മുന്നിലാണ്.

അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 576 സീറ്റുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്.

576 ല്‍ 322 സീറ്റുകളിലെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. അതില്‍ 256 സീറ്റുകള്‍ ബിജെപി നേടിയിട്ടുണ്ട്. 45 എണ്ണത്തില്‍ കോണ്‍ഗ്രസും 21 സീറ്റുകളില്‍ മറ്റുള്ളവരുമാണ് വിജയിച്ചത്.

ബിജെപി ഇത്തവണയും ആറ് കോര്‍പ്പറേഷനുകളും തൂത്തുവാരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സൂറത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്താണ് മുന്നേറുന്നത്. 120 സീറ്റുകളാണ് സൂറത്ത് കോര്‍പ്പറേഷനില്‍ ആകെയുള്ളത്. ഇതില്‍ 79 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 52 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 19 സീറ്റുകളിലും ജയിച്ചു. എട്ട് സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസ് നേടിയിട്ടുള്ളൂ.

 

Top