ഗുജറാത്ത് കോണ്‍ഗ്രസിലും പൊട്ടിത്തെറി; നാല് എംഎല്‍എമാര്‍ രാജിവെച്ചു

അഹമ്മദാബാദ്: മധ്യപ്രദേശിന് പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസിലും പൊട്ടിത്തെറി. ഗുജറാത്തിലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് രാജികത്ത് നല്‍കി. അടുത്തയാഴ്ച സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എംഎല്‍എമ്മാര്‍ രാജികത്ത് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 26 നാണ് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്.

രാജി സ്വീകരിച്ച സ്പീക്കര്‍, എം.എല്‍.എ.മാരുടെ പേരുകള്‍ തിങ്കളാഴ്ച നിയമസഭയില്‍ വെളിപ്പെടുത്തുമെന്നു പറഞ്ഞു. ശനിയാഴ്ചയാണ് ഇവര്‍ രാജിവെച്ചതെന്നും അദ്ദേഹം അറിയിച്ചു.

ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് 14 എം.എല്‍.എ.മാരെ കോണ്‍ഗ്രസ് ശനിയാഴ്ച ജയ്പുരിലേക്കു മാറ്റിയിരുന്നു.അഭയ് ഭരദ്വാജ്, രാമില ബാര, നരഹരി അമീന്‍ എന്നിവരാണ് ബി.ജെ.പി.യുടെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍.

നാല് എംഎല്‍എമാര്‍ രാജിവെച്ചതോടെ 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 73 എന്നത് 69 ആയികുറഞ്ഞു.

ഗുജറാത്തിലെ ഈ തിരിച്ചടി കൂടിയായപ്പോള്‍ കോണ്‍ഗ്രസ് ശരിക്കും ആപ്പിലായിരിക്കുകയാണ്.

Top