പൊലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം; സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണ്.ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.

പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കായിരിക്കും. പൊലീസ് സ്‌റ്റേഷനുകളില്‍ എത്തുന്നവരുടെ പരാതി ഇന്‍സ്‌പെക്ടര്‍ തന്നെ നേരിട്ട് കേള്‍ക്കേണ്ടതാണ്.ഗൗരവമുള്ള പരാതികളില്‍ അടിയന്തരമായി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണം. ഇക്കാര്യങ്ങള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോ ഡിവൈഎസ്പിയോ നിരീക്ഷിക്കണം.

പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും നല്‍കുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അവരുടെ അഭാവത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ രേഖപ്പെടുത്തി നല്‍കണം. പൊലീസ് പിടികൂടി സ്‌റ്റേഷനില്‍ കൊണ്ടുവരുന്നവര്‍ മദ്യമോ ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി നിയമനടപടികള്‍ സ്വീകരിക്കണം.

ഓരോ സ്‌റ്റേഷനിലും ക്രൈം കേസുകളില്‍ അറസ്റ്റിലാകുന്നവരുടെയും രാത്രി പൊലീസ് സ്‌റ്റേഷനുകളില്‍ കഴിയുന്നവരുടെയും പൂര്‍ണ്ണവിവരങ്ങള്‍ അതത് സബ് ഡിവിഷന്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അറിവുണ്ടായിരിക്കണം.അനധികൃതമായി ആരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ ഇതുവഴി കഴിയും. ജാമ്യം ലഭിക്കാത്ത കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനകം തന്നെ കോടതിയില്‍ ഹാജരാക്കുന്നുവെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പുവരുത്തണം.

മനുഷ്യാവകാശങ്ങളുടെ സംരക്ഷകര്‍ ആകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. കേസ് രജിസ്റ്റര്‍ ചെയ്താലും ഇല്ലെങ്കിലും ഇന്‍സ്‌പെക്ഷന്‍ മെമ്മോ തയ്യാറാക്കുന്നത് ശീലമാക്കണം. നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകള്‍ കണ്ടെത്തിയാല്‍ അക്കാര്യം ഇന്‍സ്‌പെക്ഷന്‍ മെമ്മോയില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് വൈദ്യപരിശോധന നടത്തി തുടര്‍ നടപടി സ്വീകരിക്കണം.

പൊലീസ് സ്‌ക്വാഡ്, ഷാഡോ പൊലീസ് എന്നിവര്‍ പിടികൂടുന്ന ക്രിമിനലുകളെ ചോദ്യം ചെയ്യാന്‍ ചില സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഷാഡോ ടീം തന്നെ അവരെ ചോദ്യം ചെയ്യുകയും അത് പലപ്പോഴും പീഡനങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വിവരങ്ങള്‍ അറിയാത്തത് പ്രോസിക്യൂഷന്‍ നടപടികളെയും ബാധിക്കുന്നു. അതിനാല്‍ ക്രിമിനലുകളെ ചോദ്യം ചെയ്യുന്ന സമയത്ത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റേയും സാന്നിധ്യം ആവശ്യമാണ്.

രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്ന പ്രവണത നിയന്ത്രിക്കണം. സമൂഹ മാധ്യമങ്ങളില്‍ സ്വകാര്യ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും ഉപയോഗിക്കാന്‍ പാടില്ല.

പരാതിയുമായി എത്തുന്നവരെ പൊലീസ് സ്‌റ്റേഷനുകളില്‍ ആവശ്യമായ സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന പ്രവണത ഉടനടി അവസാനിപ്പിക്കേണ്ടതാണ്. പൊലീസ് സ്‌റ്റേഷനുകള്‍ക്ക് പെര്‍മനന്റ് അഡ്വാന്‍സ് ആയി നല്‍കുന്ന തുക 5,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ തുക കാര്യക്ഷമമായി ചെലവഴിക്കുന്നു എന്ന് ജില്ലാ പൊലീസ് മേധാവിമാരും ഡിവൈഎസ്പിമാരും ഉറപ്പുവരുത്തണം. പൊലീസ് സ്‌റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തെറ്റുകള്‍ തിരുത്താനും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും പ്രത്യേകം ശ്രദ്ധപുലര്‍ത്തും. രാവിലെയും വൈകിട്ടുമുള്ള സാറ്റ കോണ്‍ഫറന്‍സ്, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍മാരുമായുള്ള സമ്പര്‍ക്കം എന്നിവ ഇതിനായി ഉപയോഗിക്കണമെന്നും അനില്‍ കാന്ത് നിര്‍ദ്ദേശിച്ചു.

Top