കുവൈറ്റില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച ആളുകളെ കണ്ടെത്തി ശിക്ഷിക്കാന്‍ നിര്‍ദ്ദേശം

കുവൈറ്റ് സിറ്റി: ജോലി സമ്പാദിക്കുന്നതിനും സ്ഥാനക്കയറ്റത്തിനും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച മുഴുവന്‍ ആളുകളെയും കണ്ടെത്തി ശിക്ഷിക്കണമെന്നു മന്ത്രിസഭ നിര്‍ദേശം നല്‍കി. കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനെതിരെ ആരംഭിച്ചിട്ടുള്ള നടപടികളുടെ ഭാഗമായാണ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഴിമതി നിറഞ്ഞ അത്തരം പ്രവണതയെ വേരോടെ പിഴുതെറിയണം. അക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ പിന്തുണ പ്രശംസിക്കപ്പെടുമെന്നും ആക്ടിങ് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.

വിവിധ മേഖലകളിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് മന്ത്രിസഭ നിരീക്ഷകരെ ചുമതലപ്പെടുത്തി. മന്ത്രാലയത്തിലെ എല്ലാവിഭാഗം ജീവനക്കാരുടെയും ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു സിവില്‍ സര്‍വീസ് കമ്മിഷനോടും ആവശ്യപ്പെട്ടു. സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനാവിധേയമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Top