ലക്ഷദ്വീപില്‍ നിന്ന് രോഗികളെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കുന്നതിന് മാര്‍ഗരേഖ വേണമെന്ന്

കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് രോഗികളെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മറ്റു ദ്വീപുകളില്‍ നിന്ന് കവരത്തിയിലേക്ക് രോഗികളെ ഹെലികോപ്റ്റര്‍ മാര്‍ഗം കൊണ്ടുവരുന്നതിനുള്ള മാര്‍ഗരേഖയും തയാറാക്കണം. പത്തു ദിവസത്തിനുള്ളില്‍ മാര്‍ഗരേഖ തയാറാക്കി കോടതിയെ അറിയിക്കാനാണ് നിര്‍ദേശം.

എയര്‍ ആംബുലന്‍സ് വഴി ലക്ഷദ്വീപിലെ രോഗികളെ അടിയന്തര ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിക്കുന്നതിന് ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍ ആവശ്യപ്പെട്ടാലും നാലു പേരടങ്ങുന്ന കമ്മറ്റി അംഗീകരിച്ചാല്‍ മാത്രമേ രോഗിയെ മാറ്റാന്‍ സാധിക്കൂ. അതിനാല്‍ രോഗികളെ എത്തിക്കുന്നതില്‍ കാലതാമസം നേരിടുമെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സാലിഹാണ് കോടതിയെ സമീപിച്ചത്.

ഈ ഹര്‍ജിയിലാണ് ലക്ഷദ്വീപില്‍ നിന്ന് ചികിത്സയ്ക്കായി രോഗികളെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മാര്‍ഗരേഖ തയാറാക്കാന്‍ അഡ്മിനിസ്ട്രേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. അതിനിടെ കില്‍ത്താന്‍ ദ്വീപില്‍ നിന്ന് അറസ്റ്റിലായവരെ ഇന്ന് തന്നെ വിട്ടയക്കാന്‍ ഹൈക്കോടതി അമിനി സിജെഎമ്മിന് നിര്‍ദേശം നല്‍കി. ജാമ്യവ്യവസ്ഥകള്‍ പാലിച്ചാല്‍ വിട്ടയക്കാമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

Top