പുതിയ ഇലക്ട്രിക്ക് ബൈക്ക് R-SUVയുമായി ഗുഗു എനര്‍ജി

കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുതിയ സ്റ്റാര്‍ട്ടപ് കമ്പനി ഗുഗു എനര്‍ജി തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കിനെ വിപണിയില്‍ അവതരിപ്പിച്ചു. ഗുഗു R-SUV എന്ന പേരിലാണ് മോഡല്‍ എത്തിയിരിക്കുന്നത്.

പ്രധാനമായും ഓഫ്റോഡ് സാഹസങ്ങള്‍ക്കായാണ് R-SUV മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വില, ബാറ്ററി റേഞ്ച് എന്നിവ അടിസ്ഥാനപ്പെടുത്തി രണ്ടു വകഭേദങ്ങള്‍ മോഡലിലുണ്ട്. 1.25 ലക്ഷം രൂപയാണ് പ്രാരംഭ മോഡലിന് വില. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ ദൂരം ബൈക്കോടും.

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കുറിക്കാന്‍ മോഡലിന് ആറര സെക്കന്‍ഡുകള്‍ മതിയെന്നാണ് കമ്പനിയുടെ വാദം. മണിക്കൂറില്‍ നൂറ് കിലോമീറ്ററാണ് പ്രാരംഭ R-SUV -യുടെ പരമാവധി വേഗം. അരമണിക്കൂര്‍ കൊണ്ട് എണ്‍പതു ശതമാനം ചാര്‍ജ് നേടാന്‍ ബാറ്ററി സംവിധാനത്തിന് ശേഷിയുണ്ട്.

ഉയര്‍ന്ന R-SUV മൂന്നുലക്ഷം രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം ബൈക്കോടും. മൂന്നു സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗം തൊടുന്ന മോഡലിന്റെ പരമാവധി വേഗം, മണിക്കൂറില്‍ 145 കിലോമീറ്റര്‍. 5.0 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം ബൈക്കിന്റെ മുഖ്യാകര്‍ഷണമാണ്.

Top