അതിഥി തൊഴിലാളികളും കര്‍ഷകരുമാണ് രാജ്യം നിര്‍മ്മിക്കുന്നത്, അവരെ സംരക്ഷിക്കണം; സുപ്രീംകോടതി

രാജ്യം നിർമ്മിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അതിഥി തൊഴിലാളികൾക്ക് റേഷൻ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. രാജ്യത്ത് ആരും പട്ടിണി കിടന്ന് മരിക്കരുത്. കൊവിഡിന്റെ സമയത്ത് അതിഥിത്തൊഴിലാളികൾ നേരിട്ട പ്രശ്‌നങ്ങളിൽ സ്വമേധയാ എടുത്ത കേസ്‌ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

‘അതിഥി തൊഴിലാളികളും കർഷകരും ഈ രാജ്യം നിർമ്മിക്കുന്നതിൽ നിർണായ പങ്ക് വഹിക്കുന്നുണ്ട്. ഇവർക്ക് സർക്കാർ റേഷൻ അനുവദിച്ചാൽ അത് വലിയ ആശ്വാസമായിരിക്കും. ഈ വിഷയം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഒരാളും പട്ടിണികിടക്കാത്ത രാജ്യം എന്ന മഹത്തായ ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള പ്രവർത്തനങ്ങളാണ്‌ സർക്കാർ നടത്തേണ്ടത്‌’ കോടതി ചൂണ്ടി കാട്ടി.

‘മഹാരാഷ്രടിയിൽ 36% അതിഥി തൊഴിലാളികളാണുള്ളത്. ഇവർക്ക് റേഷൻ അനുവദിക്കാനുള്ള നടപടികൾ എടുക്കേണ്ടത് സർക്കാരാണ്. ഇതിനുള്ള മാർഗവും സർക്കാർ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന്’ ജസ്റ്റിസ് ഷാ വ്യക്തമാക്കി. ‘ഇന്ത്യയിലെ പല ഗ്രാമവാസികളും പട്ടിണി അറിയാതിരിക്കാൻ മുണ്ട്‌ മുറുക്കിയുടുത്ത് വെള്ളവും കുടിച്ചാണ് കഴിയുന്നത്. കുട്ടികളും മുതിർന്നവരും ഒരു പോലെ ചെയ്യുന്ന കാര്യമാണിത്. ഈ അവസ്ഥ ഇല്ലാതാക്കേണ്ടത് സർക്കാരുകളാണെന്ന്’ ജസ്‌റ്റിസ്‌ ബി വി നാഗരത്ന സംസ്ഥാനങ്ങളെ ഓർമ്മിപ്പിച്ചു. രണ്ടാഴ്‌ചയ്‌ക്കുശേഷം കേസ്‌ വീണ്ടും പരിഗണിക്കുമ്പോൾ ചില മാർഗനിർദേശങ്ങൾകൂടി പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

 

Top