ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു

വാഷിംഗ്ടണ്‍: ആയുധ ശേഷിയുള്ള ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു. നിരീക്ഷണത്തിനു മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ആയുധശേഷിയില്ലാത്ത ഡ്രോണുകള്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്. ഇടപാട് യാഥാര്‍ത്ഥ്യമായാല്‍ നാറ്റോ രാജ്യങ്ങള്‍ക്കു പുറത്ത് ഇതാദ്യമായിട്ടാവും ആയുധശേഷിയുള്ള ഗാര്‍ഡിയന്‍ ഡ്രോണുകള്‍ അമേരിക്ക വില്‍ക്കുന്നത്. മുതിര്‍ന്ന ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന മേഖലയില്‍ ഏറ്റവും നവീനവും സാങ്കേതിക വൈദഗ്ധ്യമുള്ളതുമായ, പൈലറ്റ് രഹിത ഡ്രോണുകള്‍ ഇതാദ്യമായിട്ടാവും ഇന്ത്യയിലെത്തുന്നത്. മിസൈലുകള്‍ തൊടുത്തു വിടാവുന്ന ഡ്രോണുകളാണിത്. സഖ്യരാജ്യങ്ങള്‍ക്കുള്ള ആയുധ വില്‍പന കൂടുതല്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇതു സംബന്ധിച്ച നയത്തില്‍ ട്രംപ് ഭരണകൂടം അടുത്തയിടെ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ആയുധ വില്‍പന കൂടുന്നത് അമേരിക്കന്‍ പ്രതിരോധ വ്യവസായത്തിനു കരുത്തു പകരുമെന്നും, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു.

ഡ്രോണ്‍ വില്‍പന യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചില നിബന്ധനകളില്‍ ഇന്ത്യ ഒപ്പിടേണ്ടതുണ്ട്. ഇത്തരമൊരു ചട്ടക്കൂട്ട് ദോഷകരമാകുമോ എന്ന ആശങ്കയുമുണ്ട്. ആയുധ വില്‍പനയിലെ പ്രധാന തടസം ഇതാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യ മന്ത്രിമാര്‍ ജൂലൈയില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയിലെ അജന്‍ഡയില്‍ ഡ്രോണ്‍ കൈമാറ്റം സംബന്ധിച്ച വിഷയവും ഉള്‍പ്പെടുത്തിയിരുന്നു. മാറ്റിവച്ച കൂടിക്കാഴ്ച ഇനി സെപ്റ്റംബറില്‍ നടക്കും.

Top