‘തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് വേതനമില്ല, ഇതെന്ത് അച്ഛാദിന്‍?’; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പല സംസ്ഥാനങ്ങളിലും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്കാര്‍ക്ക് വേതനം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്ന പലര്‍ക്കും പല സംസ്ഥാനങ്ങളിലും വേതനം തന്നെ ലഭിക്കുന്നില്ലെന്നും ഇതെന്ത് ‘അച്ഛാദിന്‍’ ആണെന്നുമായിരുന്നു രാഹുലിന്റെ ചോദ്യം.

”വ്യാജ വാചാടോപങ്ങള്‍ക്കപ്പുറമുള്ള ഒരു ലോകവുമുണ്ട്. അവിടെ വീട്ടുകാര്യങ്ങള്‍ നടത്താന്‍ പോലും ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇതെന്ത് ‘അച്ഛാ ദിന്‍'(നല്ലനാള്‍) ആണ്?” രാഹുല്‍ ചോദിച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഉയര്‍ത്തിയ ‘അച്ഛാദിന്‍’ മുദ്രാവാക്യം സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.

മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ അധിക സാമ്പത്തിക സഹായം നല്‍കേണ്ട ഘട്ടത്തില്‍ അവകാശമായ വേതനം തന്നെ തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുകയാണന്നെ് രാഹുല്‍ കുറ്റപ്പെടുത്തി. വ്യാജ വാചാടോപങ്ങള്‍ക്ക് അതീതമായ ഒരു ലോകവുമുണ്ട്, അവിടെ വീട്ടുകാര്യങ്ങള്‍ നടത്താന്‍ പോലും ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇതെന്ത് ‘അച്ഛേ ദിന്‍’ എന്നും രാഹുല്‍ ട്വിറ്റ് ചെയ്തു.

Top