ഗ്വാണ്ടനാമോയിലെ അമേരിക്കയുടെ രഹസ്യ തടവറ അടച്ചു

വാഷിങ്‌ടൺ: ക്രൂരമായ പീഡനങ്ങൾക്കും ശിക്ഷകൾക്കും പേരുകേട്ട ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ രഹസ്യത്തടവറ അടച്ചു. തടവുകാരെ നീക്കിക്കൊണ്ട് ക്യാംപ് 7 ആണ് അധികൃതർ പൂട്ടിയതെന്ന്  സൈന്യം അറിയിച്ചു.

ഇവിടെ എത്ര തടവുകാർ ഉണ്ടായിരുന്നുവെന്ന്   സൈന്യം വ്യക്തമാക്കിയിട്ടില്ല. ക്യാമ്പ് 7ൽ 14 പേർ തടവിലുണ്ടെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഗ്വാണ്ടനാമോയിൽ ആകെ 40 തടവുകാരുണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്യാമ്പ് 7 ഇനി തുറക്കുമോ എന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല.

ക്യാമ്പ് 7ലെ തടവുകാരെ ക്യാമ്പ് 5 ലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ക്യാമ്പ് 5ൽ തടവുകാരുടെ എണ്ണം കുറവാണ്. 2006 ഡിസംബറിൽ സിഐഎയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് ക്യാമ്പ് 7 സൈന്യം തുറന്നിരിന്നു. സിഐഎ പിടികൂടുന്ന ഭീകരരെ പാര്‍പ്പിക്കാന്‍ നിര്‍മിച്ച തടവറയില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതിക്രൂരമായ രീതിയിലുള്ള ചോദ്യം ചെയ്യലുകളാണ് ഇവിടെ നടക്കുന്നത്.

ക്യാമ്പ് 7ൽ തടവിലാക്കപ്പെട്ടവരിൽ 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ആസൂത്രണവും പിന്തുണയും നൽകിയതിന് പിടിക്കപ്പെട്ടവരും ഉൾപ്പെടുന്നുണ്ട്. ക്യാമ്പ് 7മായുള്ള വിവരങ്ങൾ പങ്കുവയ്‌ക്കാൻ സൈന്യം ഒരിക്കലും തയ്യാറായിട്ടില്ല. ഉള്ളിലേക്ക് ആർക്കും പ്രവേശനം നൽകിയിട്ടില്ല. ആല്‍ഫ, ബ്രാവോ, ഗോള്‍ഫ്, ഡല്‍റ്റാ എന്നീ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ഗ്വാണ്ടനാമോയിൽ പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ നിന്നും പുറത്തുവരാൻ കഴിഞ്ഞ ചുരുക്കം ചിലയാളുകളാണ് തടവറിയിലെ ക്രൂര പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറം ലോകത്ത് എത്തിച്ചത്. തുടര്‍ച്ചയായ മര്‍ദ്ദനം, ഉറങ്ങാൻ അനുവദിക്കാതിരിക്കുക, ദീര്‍ഘനാള്‍ തലമൂടിക്കെട്ടുക, ലൈംഗികമായി പീഡിപ്പിക്കുക, മരുന്നുകൾ കുത്തിവെക്കുക എന്നീ തരത്തിലുള്ള പീഡനങ്ങൾക്ക് പ്രസിദ്ധമാണ് ഇവിടം.

Top