ജിഎസ്ടി വരുമാനത്തില്‍ വര്‍ധന ശുഭ സൂചന നല്‍കി വിപണി

രാജ്യത്തെ സാമ്പത്തിക മേഖലയില്‍ തിരിച്ച് വരവിന്റെ നല്ല സൂചന. ആറ് മാസത്തിന് ശേഷം രാജ്യത്ത് ജിഎസ്ടി വരുമാനത്തില്‍ വര്‍ധന. നാല് ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സെപ്റ്റംബറില്‍ 95,000 കോടി രൂപയാണ് ജിഎസ്ടി വരുമാനം.

കൊവിഡ് മഹമാരിയിലുണ്ടായ തകര്‍ച്ചയ്ക്ക് ശേഷം ആശ്വാസത്തിന്റെ സൂചന നല്‍കുകയാണ് രാജ്യത്തെ വിപണി. കയറ്റുമതി മേഖലയിലും ശുഭ സൂചനകളാണ് സെപ്റ്റംബറില്‍ വ്യക്തമാകുന്നത്. രാജ്യത്ത് നിന്നുള്ള കയറ്റുമതി 5.3 ശതമാനം ഉയര്‍ന്നു. ആഭ്യന്തര വില്‍പ്പനയില്‍ നിന്നും ഇറക്കുമതിയില്‍ നിന്നുമുള്ള ജിഎസ്ടി വരുമാനവും സെപ്റ്റംബറില്‍ വര്‍ധിച്ചു. ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 102 ശതമാനമായി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും ആവശ്യം വര്‍ധിക്കുന്നു എന്ന നല്ല സൂചനയും നല്‍കുന്നുണ്ട്.

ഈ വര്‍ഷം 2019 നേക്കാള്‍ 2.9 ശതമാനം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. 27.4 മില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് സെപ്റ്റംബറില്‍ രാജ്യത്ത് ആകെ നടന്നത്. ഈവേ ബില്ലുകളുടെ വിതരണത്തിലും ഈ സെപ്റ്റംബര്‍ റെക്കോര്‍ഡ് ഇട്ടു.

കേരളത്തിലെ ജിഎസ്ടി വരുമാനവും സെപ്റ്റംബറില്‍ വര്‍ധിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിതിവിവരം വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം 11 ശതമാനം ജിഎസ്ടി വരുമാന വര്‍ധന നേടി. 1552 കോടിയാണ് ഈ സെപ്റ്റംബറിലെ വരുമാനം. 2019 ല്‍ ഇത് 1393 കോടി ആയിരുന്നു.

Top