ചരക്കുസേവന നികുതി; കള്ളക്കടത്ത് വര്‍ധിക്കുമെന്ന ആശങ്ക വ്യാപകം

കണ്ണൂര്‍: ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കള്ളക്കടത്തു വന്‍ തോതില്‍ വര്‍ധിക്കുമെന്ന ആശങ്ക വ്യാപകമായിരിക്കുന്നു.

വാണിജ്യനികുതി ചെക്‌പോസ്റ്റുകളില്‍ പരിശോധന വേണ്ടെന്നു വയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

ഉത്പ്പാദനം വ്യക്തമായി കണക്കുകളില്‍ രേഖപ്പെടുത്താത്ത കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ കള്ളക്കടത്തു ചെയ്യപ്പെടുമെന്നാണ് പരക്കെയുള്ള ആശങ്ക.

ചെക്‌പോസ്റ്റുകളില്‍ ഇനി ബില്ലുകള്‍ വാങ്ങി മാത്രം നോക്കിയാല്‍ മതിയെന്നും വാഹനം നിര്‍ത്തി പരിശോധിക്കരുതെന്നും വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നിയമിക്കപ്പെട്ട വാണിജ്യനികുതി സ്‌ക്വാഡുകള്‍ കള്ളക്കടത്തു കണ്ടെത്തിയാല്‍ ഏതു തരം നോട്ടീസാണു നല്‍കേണ്ടതെന്നും പിഴ ഈടാക്കുന്നുണ്ടെങ്കില്‍ ഏതു തരം രസീതാണ് ഉപയോഗിക്കേണ്ടതെന്നുമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. ചരക്ക്, സേവന നികുതി നിയമ ചട്ടങ്ങളിലുള്ള അവ്യക്തതയാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

വാണിജ്യനികുതി ഓഫിസര്‍മാരുടെയും അസിസ്റ്റന്റ് കമ്മീഷണറുടേയും ഡെപ്യൂട്ടി കമ്മീഷണറുടേയും തസ്തികയിലെ വന്‍തോതിലുള്ള ഒഴിവുകള്‍ കള്ളക്കടത്തു വ്യാപകമാകാന്‍ സഹായിക്കുന്നതാണെന്ന് വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.

ചരക്കു സേവന നികുതി വരുന്നതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന സേവന നികുതി കൂടി സംസ്ഥാനം ഏറ്റെടുക്കേണ്ടതായും വരും.

Top