നൂറ് കോടിയുടെ വെട്ടിപ്പ് ; വ്യാജ ജിഎസ്ടി ബില്ലിംഗ് റാക്കറ്റ് ഇന്റലിജന്‍സിന്റെ വലയില്‍

കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വ്യാജ ചരക്ക്, സേവന നികുതി (ജിഎസ്ടി) ബില്ലിംഗ് റാക്കറ്റ് ഇന്റലിജന്‍സിന്റെ വലയില്‍.

ചില പ്ലൈവുഡ് കമ്പനി ഉടമകളും ഏജന്റുമാരും ചേര്‍ന്നാണ് വന്‍ വെട്ടിപ്പ് നടത്തിയത്. സംഘത്തിന്റെ ഓഫീസില്‍ നിന്ന് 30 ലക്ഷം രൂപയും വ്യാജബില്ലുകളും ചെക്കുകളും രേഖകളും സിജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിട്ടുണ്ട്.

ലോഡ് കയറ്റി അയയ്ക്കാതെ വ്യാജ ബില്‍ നിര്‍മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തില്‍ നൂറുകോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം.

പ്ലൈവുഡ് സ്ഥാപന ഉടമ പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണിതിനു പിറകിലെന്നും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.

പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികളില്‍ ഇന്നലെ രാത്രി വൈകിയും തുടരുന്ന പരിശോധനയില്‍ തീരെ ഉല്‍പാദനമില്ലാത്ത അഞ്ച് സ്ഥാപനങ്ങളുടെ ബില്ലുകളടക്കം ഒട്ടേറെ രേഖകളും പിടിച്ചെടുത്തു.

Top