ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് മുകളിലാണെന്ന് കേന്ദ്ര ധനമന്ത്രാലയം

ദില്ലി: ജൂലൈ മാസത്തെ ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനവാണ് നികുതി വരുമാനത്തിലുണ്ടായത്.

2021 ജൂലൈ മാസത്തില്‍ ശേഖരിച്ച മൊത്തം ജിഎസ്ടി 1,16,393 കോടി രൂപയാണ്, അതില്‍ സിജിഎസ്ടി 22,197 കോടി, എസ്ജിഎസ്ടി 28,541 കോടി, 57,864 കോടി രൂപയാണ് ഐജിഎസ്ടി (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 27,900 കോടി ഉള്‍പ്പെടെ) സെസ് 7,790 കോടി (ചരക്ക് ഇറക്കുമതിയുടെ ഭാഗമായി ലഭിച്ച 815 കോടി ഉള്‍പ്പെടെ).

2021 ജൂലൈ ഒന്ന് മുതല്‍ ജൂലൈ 31 വരെ സമര്‍പ്പിച്ച ജിഎസ്ടിആര്‍ -3 ബി റിട്ടേണുകളില്‍ നിന്ന് ലഭിച്ച ജിഎസ്ടി വരുമാനവും അതേ കാലയളവില്‍ ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച ഐജിഎസ്ടിയും സെസും ഉള്‍പ്പെടുന്നതാണ് നികുതി വരുമാനം.

സര്‍ക്കാര്‍ 28,087 കോടി സിജിഎസ്ടിക്കും 24100 കോടി രൂപ എസ്ജിഎസ്ടിക്കും ഐജിഎസ്ടിയില്‍ നിന്ന് റെഗുലര്‍ സെറ്റില്‍മെന്റിലൂടെ തീര്‍പ്പാക്കി. 2021 ജൂലൈ മാസത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടിക്ക് 50284 കോടിയും, എസ്ജിഎസ്ടിക്ക് 52641 കോടിയുമാണ്.

2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 33% കൂടുതലാണ്. ഈ മാസത്തില്‍, ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 36% കൂടുതലാണ്, ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവന ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം സമാന മാസത്തില്‍ ഈ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 32% കൂടുതലാണ്.

കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ, ജൂലൈ 2021 ലെ ജിഎസ്ടി ശേഖരം വീണ്ടും ഒരു ലക്ഷം കോടി കടന്നു, ഇത് സമ്പദ് വ്യവസ്ഥയുടെ വേഗത്തിലുളള വീണ്ടെടുക്കലിന്റെ വ്യക്തമായി സൂചനയാണ്. ഉയര്‍ന്ന ജിഎസ്ടി വരുമാനം വരും മാസങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

 

Top