ഓഗസ്റ്റില്‍ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍

gst

ഡല്‍ഹി: ഓഗസ്റ്റില്‍ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 11% വളര്‍ച്ചയുണ്ടായി. തുടര്‍ച്ചയായി 19 മാസമായി വരുമാനം 1.4 ലക്ഷം കോടിക്ക് മുകളിലാണ്. ജൂലൈയില്‍ 1.65 ലക്ഷം കോടിയായിരുന്നു വരുമാനം.

കേന്ദ്രത്തിന് അര്‍ഹതപ്പെട്ട ജിഎസ്ടി- 28,328 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി -35,794 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകള്‍ക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി-83,251 കോടി, സെസ്-11,695 കോടി എന്നിങ്ങനെയാണ് വരുമാനം.

അതേസമയം കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 13% വര്‍ധന. 2022 ഓഗസ്റ്റില്‍ 2,036 കോടിയായിരുന്നു ജിഎസ്ടി വരുമാനം. ഇത് 2,306 കോടിയായി വര്‍ധിച്ചു. ഓണക്കാലത്ത് സംസ്ഥാനത്ത് വിപണി ഉണരുന്നതിനാല്‍ വില്‍പന പൊടിപൊടിക്കുകയും ജിഎസ്ടി വരുമാനം കുതിച്ചുയരുകയും ചെയ്യും. ഈ മാസം സമര്‍പ്പിക്കുന്ന ജിഎസ്ടി റിട്ടേണിലാണ് ഓണക്കാലത്തെ ചെലവുകള്‍ ഉള്‍പ്പെടുക.

അതിനാല്‍, അടുത്ത മാസം ഒന്നിന് പുറത്തു വിടുന്ന കണക്കിലാകും ഓണക്കാലത്തെ വരുമാനക്കുതിപ്പ് അറിയാന്‍ കഴിയുക. കഴിഞ്ഞ മാസത്തെ 13% വര്‍ധന സംസ്ഥാന സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്നതല്ല. ജിഎസ്ടിക്കു മുന്‍പ് വാര്‍ഷിക നികുതി വളര്‍ച്ചനിരക്ക് 14 ശതമാനമായിരുന്നു.

Top