ജിഎസ്ടി വരുന്നതോടെ ജൂലൈ ഒന്നു മുതല്‍ ഗാഡ്ജറ്റുകള്‍ക്ക് വിലകൂടും

ജിഎസ്ടി നടപ്പാക്കുന്നതോടെ ജൂലൈ ഒന്നു മുതല്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ക്ക് വിലകൂടും.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് 4 – 5 ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 ശതമാനമാണ് മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി. അതേസമയം ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ വില കുറയും. എന്നാല്‍, ഈ വര്‍ഷം ആദ്യപാദത്തിലെ കണക്കനുസരിച്ച് രാജ്യത്ത് വിറ്റ 80% ഫോണുകളും തദ്ദേശീയമായി നിര്‍മിച്ചവയാണ്.

ഫോണുകള്‍ക്കൊപ്പം ലാപ്‌ടോപ്പുകള്‍ക്കും ഡെസ്‌ക്‌ടോപ്പുകള്‍ക്കും വില വര്‍ധിക്കും. 14 – 15 ശതമാനം ലെവി ഉണ്ടായിരുന്ന ഇവയ്ക്ക് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്. 28 ശതമാനം ജിഎസ്ടി വിഭാഗത്തില്‍ വരുന്ന കംപ്യൂട്ടര്‍ മോണിറ്ററുകളുടെയും പ്രിന്ററുകളുടെയും വില ഉയരും.

ഡിജിറ്റല്‍ ക്യാമറയും ക്യാംകോഡറുകളും ഉള്‍പ്പെടെയുള്ളവയും 28 ശതമാനം കാറ്റഗറിയിലാണ്. ഇവയ്ക്കും 4 – 5 ശതമാനം വിലവര്‍ധന പ്രതീക്ഷിക്കാം.

Top