കേന്ദ്രം വാഗ്ദാനം ചെയ്ത നഷ്ടപരിഹാര സെസിന്റെ 915 കോടി കേരളത്തിന്

കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര സെസിന്റെ വിഹിതം കേരളത്തിന് ലഭിച്ചു. തിങ്കളാഴ്ച്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിലായിരുന്നു ഇക്കാര്യം തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി തന്നെ കേരളത്തിന്‌റെ ഖജനാവിലേക്ക് വാഗ്ദാനം ചെയ്ത 915 കോടി എത്തി. ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിലേക്ക് ഈ വര്‍ഷം സമാഹരിച്ച തുകയില്‍ കേരളത്തിന്റെ വിഹിതമാണ് 915 കോടി . സംസ്ഥാനാന്തര വ്യാപാര ഇടപാടിലൂടെ (ഐജിഎസ്ടി) കേരളത്തിനു ലഭിക്കേണ്ട 832 കോടി അടുത്തയാഴ്ച കിട്ടാനാണ് സാധ്യത.

എന്നാല്‍, ഏപ്രില്‍ മുതല്‍ ജൂലൈ വരെ 7077 കോടി രൂപയാണ് നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ടത്. ഇതു ലഭിക്കാത്തത് കാരണം കടുത്ത പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ഈ മാസം 12നു ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന കേരളത്തിന്‌റെ പ്രതീക്ഷ.

 

Top