വാഹനമേഖലയിലെ പ്രതിസന്ധിക്കു കാരണം ജി.എസ്.ടി അല്ല; ഡോ.തോമസ് ഐസക്

കോട്ടയം: നിലവില്‍ വാഹനമേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം, ഉയര്‍ന്ന ജി.എസ്.ടി നിരക്കല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി വരുന്നതിനു മുന്‍പുതന്നെ സര്‍വ്വീസ് ടാക്സ് ഒഴികെയുള്ള നികുതിയുടെ നിരക്ക് 32% മുതല്‍ 52% വരെയായിരുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇപ്പോള്‍ കോമ്പന്‍സേഷന്‍ സെസ്സ് ഉള്‍പ്പെടെയുള്ള നികുതിയുടെ നിരക്ക് 29% മുതല്‍ 46% വരെ മാത്രമേയുള്ളൂവെന്നും കേന്ദ്രം ഇത് ഇനിയും കുറയ്ക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ സെസ് എടുത്തു മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. സെസ് എടുത്തു മാറ്റിയാല്‍ നിരക്ക് 28% ആയി കുറയുമെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

രാജ്യത്തെ വാഹനവിപണികള്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി രണ്ടുദിവസത്തേക്ക് നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു. കാറുകള്‍ വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം കമ്പനിയുടെ വില്‍പന 32.7 ശതമാനം ഇടിവ് നേരിട്ടിരുന്നു. അഞ്ചുദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി അശോക് ലെയ്ലന്‍ഡും അറിയിച്ചിരുന്നു.

Top