രാജ്യത്തിന് ഇത് ചരിത്ര നിമിഷം,എക്കാലത്തേയും വലിയ നികുതി പരിഷ്ക്കരണം ജി എസ് ടി പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ത്യയിലെ വിപ്ലവകരമായ നികുതി പരിഷ്കാരം ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിൽ വന്നു.

വെള്ളിയാഴ്ച അർധരാത്രിയിൽ പാർലമെന്‍റിൽ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് നികുതി പരിഷ്കാരം രാഷ്ട്രപതി പ്രണാബ് മുഖർജി പ്രഖ്യാപിച്ചത്.

ഇത് രാജ്യത്തിന്‍റെ നിർണായക നിമിഷമെന്ന് രാഷ്ട്രപതി പറഞ്ഞു. ജിഎസ്ടിക്കായുള്ള 14 വർഷത്തെ യാത്രയാണ് ഇവിടെ സഫലമാകുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കരുത്താണ് ഇവിടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്ര നിർമാണത്തിലേക്കുള്ള നിർണായക ചുവടുവയ്പാണ് ജിഎസ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് അർധരാത്രിയിൽ ഇന്ത്യയുടെ ഭാവി തീരുമാനിക്കുകയാണ്. ജിഎസ്ടി രാജ്യത്തിന്‍റെ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണെന്നും പ്രത്യേക സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ജിഎസ്ടി വരുന്നതോടെ സങ്കുചിത രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന് ഉയരാനാകുമെന്ന് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പറഞ്ഞു. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നത് ജിഎസ്ടിയായിരിക്കും. എണ്ണമറ്റ അവസരങ്ങളിലേക്കാണ് രാജ്യം ഉയരുന്നത്. ഇത് ചരിത്ര നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top