കടുത്ത വിമര്‍ശനങ്ങള്‍ക്കിടെ ജി എസ് ടി കൗണ്‍സില്‍ യോഗം

ന്യൂഡല്‍ഹി: കടുത്ത വിമര്‍ശനങ്ങള്‍ക്കിടെ മൂന്നാമത്തെ ജി എസ് ടി കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍.

ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക മാറ്റങ്ങളില്‍ യോഗം തീരുമാനമെടുക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലാണ് യോഗം.

യോഗത്തില്‍ സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക്കും പങ്കെടുക്കുന്നുണ്ട്.

യോഗത്തില്‍ നികുതി തിരികെ നല്‍കുന്നത് സംബന്ധിച്ച് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയയും ജിഎസ്ടി ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബീഹാര്‍ ധനമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ഒരു മാസത്തില്‍ ഒരിക്കല്‍ എന്നുള്ളത് മൂന്ന് മാസത്തിലൊരിക്കല്‍ എന്നാക്കണമെന്ന് വ്യാപാരികളും വ്യവസായികളും ആവശ്യമുന്നയിച്ചിരുന്നു.

അതേസമയം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെ നിര്‍ദ്ദേശവും കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നേക്കും.

ഗുജറാത്തില്‍ നിന്നടക്കം ടെക്‌സ്റ്റെല്‍ വ്യാപരികളും നിര്‍മ്മാതാക്കളും കടുത്ത പ്രതിഷേധം തുടരുന്ന സഹാചര്യത്തില്‍ വസ്ത്ര മേഖലയുമായി ബന്ധപ്പെട്ട നികുതി നിരക്കുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കും.

ജിഎസ്ടി നെറ്റ് വര്‍ക്ക് ഇതുവരെയും പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകാത്തതും ചര്‍ച്ചാ വിഷയമാകും. ഇത് സംബന്ധിച്ച് വ്യാപാരി സംഘടനകള്‍ നല്‍കിയ പരാതികളും പരിശോധിക്കും.

മൂന്നു മാസം കഴിഞ്ഞിട്ടും ചരക്ക് സേവന നികുതി നടപ്പിലാക്കിയതിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പുതിയ നികുതി സംവിധാനം രാജ്യത്തെ ചെറുകിട വാണിജ്യ വ്യവസായ മേഖലയിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായേക്കും.

ചെറുകിട മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഹരിക്കാന്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ രാജ്യത്തെ വാണിജ്യ വ്യാപാരസമൂഹം വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.

ജിഎസ്ടി തിരക്കിട്ട് നടപ്പാക്കിയത് രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ ഇടിവിന് ആക്കം കൂട്ടി എന്ന വിമര്‍ശം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം.

സാമ്പത്തിക തളര്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ പ്രധാനമന്ത്രി അടിയന്തര ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് യോഗത്തില്‍ പങ്കെടുത്തത്.

ഈ സാഹചര്യത്തില്‍ ഇന്നത്തെ ജിഎസ്ടി കൗണ്‍സിലിന് ശേഷം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നിര്‍ണ്ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top