നികുതി സ്ലാബുകളുടെ ലയനം; ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും

നികുതി സ്ലാബുകളുടെ ലയനം സംബന്ധിച്ച്‌ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും. മാർച്ചിൽ നടക്കുന്ന യോഗത്തിൽ നികുതി നിരക്കുകൾ യുക്തിസഹമാക്കാനും പരോക്ഷ നികുതി വ്യവസ്ഥയെ ലളിതമാക്കാനുമുളള തീരുമാനങ്ങളും പ്രധാന അജണ്ടയായേക്കും.12, 18 ശതമാനം നികുതി നിരക്കുകൾ ലയിപ്പിക്കാൻ 15-ാമത് ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തതിന് പിന്നാലെയാണ് യോ​ഗം നടക്കുന്നത്.

പ്രകൃതിവാതകം ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാനുള്ള സർക്കാരിന്റെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു. എന്നാൽ, അത്തരം നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിലിലെ സംസ്ഥാനങ്ങളുടെ അംഗീകാരത്തെ ആശ്രയിച്ച് മാത്രമേ നടപ്പാക്കാനാകൂ. ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഈ നിർദ്ദേശത്തെ എതിർത്ത് രം​ഗത്ത് വന്നിട്ടുണ്ട്.

12 ശതമാനവും 18 ശതമാനവും സ്ലാബുകൾ സ്റ്റാൻഡേർഡ് റേറ്റിലേക്ക് ലയിപ്പിക്കാനും, ജിഎസ്ടിയെ മൂന്ന് റേറ്റ് ഘടനയിലേക്ക് യുക്തിസഹമാക്കാനും എൻ കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള 15-ാമത് ധനകാര്യ കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. ഇതിൽ 5 ശതമാനം മെറിറ്റ് നിരക്കും 28-30 ശതമാനം ഡി-മെറിറ്റ് നിരക്കുമായിരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. യുക്തിസഹമായ സ്ലാബുകൾ എന്തായിരിക്കണമെന്നതിൽ കൗൺസിൽ അന്തിമ തീരുമാനമെടുക്കും. വരുമാനം മെച്ചപ്പെടുത്തുന്നതിനൊപ്പം നികുതി ഘടനയെ ചിട്ടപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പ്രതിമാസ ജിഎസ്ടി വരുമാന ശേഖരണത്തിനുള്ള സാധ്യത രണ്ട് ട്രില്യൺ രൂപയാണ്.

മെച്ചപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങളുടെയും നടപ്പാക്കലിന്റെയും പശ്ചാത്തലത്തിൽ ജിഎസ്ടി വരുമാനം ജനുവരിയിൽ 1.19 ട്രില്യൺ രൂപയും ഡിസംബറിൽ 1.15 ട്രില്യൺ രൂപയുമാണ്. ജിഎസ്ടിക്ക് കീഴിലുള്ള ഫലപ്രദമായ നികുതി നിരക്ക് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നതനുസരിച്ച് 11.8 ശതമാനവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 11.6 ശതമാനവുമാണ്. പതിനഞ്ചാമത്തെ ധനകാര്യ കമ്മീഷന്റെ വീക്ഷണവും ഇതിനോട് യോജിക്കുന്നു. ജിഡിപിയുടെ 7.1 ശതമാനത്തിൽ വരുമാനം നേടിയെടുക്കുക എന്നതാണ് ജിഎസ്ടിയുടെ സാധ്യത. നിലവിൽ ഇത് 5.1 ശതമാനമാണ്, ഇത് 4 ട്രില്യൺ രൂപയുടെ വരുമാനനഷ്ടമായി വിവർത്തനം ചെയ്യുന്നുവെന്ന് കമ്മീഷൻ റിപ്പോർട്ട് പറയുന്നു.

Top