ജിഎസ്ടി കൗണ്‍സില്‍ യോഗം അടുത്തയാഴ്ച; ഓട്ടോ മൊബൈല്‍ മേഖലയ്ക്ക് പ്രതീക്ഷ

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ഓട്ടോ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തേക്കും.

ഗോവയിലാണ് യോഗം നടക്കുന്നത്.വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സിലിന്റെ പരിഗണനയിലെത്തുന്നത്. ജിഎസ്ടി 12 ശതമാനമാക്കണമെന്ന നിര്‍ദ്ദേശവും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്‌തേക്കും. നികുതി കുറയുന്നതോടെ വാഹന വിലയില്‍ കുറവ് വരാനാണ് സാധ്യത.

അതേസമയം, സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകുമെന്നതിനാല്‍ നികുതി കുറയ്ക്കുന്നതിനോട് കേരളം അടക്കമുളള ചില സംസ്ഥാനങ്ങള്‍ യോജിക്കുന്നില്ല. നിരവധി വാഹന നിര്‍മാതാക്കള്‍ ജിഎസ്ടി നിരക്ക് 12 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Top