സോപ്പുപൊടി, ചോക്കലേറ്റ് തുടങ്ങി ഇരുന്നൂറോളം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: നിരവധി ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കാന്‍ തീരുമാനം. 28 ശതമാനത്തില്‍ നിന്നും പതിനെട്ടായാണ് ജിഎസ്ടി കുറയ്ക്കുന്നത്.

ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കി. ഇതോടെ ഉപഭോക്തൃ ഉത്പന്നങ്ങളായ ചോക്കലേറ്റ്, ചുയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍
എന്നിവയ്ക്ക് വില കുറയും.

നിലവില്‍ 227 ഉത്പന്നങ്ങള്‍ക്ക് 28 ശതമാനം നികുതിയുണ്ട്. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം.

ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നികുതിയാണ് 28 ശതമാനം. നൂറോളം ഉത്പന്നങ്ങള്‍ക്ക് അടുത്തിടെ നികുതി കുറച്ചിരുന്നു. നികുതി പുനപരിശോധിക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ തവണ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.

ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ ശുപാര്‍ശകള്‍ പരിഗണിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനങ്ങളും കൗണ്‍സില്‍ കൈക്കൊള്ളും.

അതേസമയം, പെയിന്റ്, സിമെന്റ് തുടങ്ങിയവയെയും വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ലക്ഷ്വറി ഉത്പന്നങ്ങളെയും 28 ശതമാനം നികുതിയില്‍തന്നെ നിലനിര്‍ത്തും. 20,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടാകുക.

Top