ജിഎസ്ടി നഷ്ടപരിഹാരം: 17,000 കോടി അനുവദിച്ച് കേന്ദ്രം, കേരളത്തിന് 673 കോടിയിലധികം

ദില്ലി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ് ടി നഷ്ടപരിഹാരമായി 17,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിനനുവദിച്ചത് 673 കോടിയിലധികം രൂപയാണ്. ചരക്ക് സേവന നികുതി നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആകെ 17,000 കോടി രൂപയാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.

ഇതോടെ 2021-22 വര്‍ഷത്തില്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ച ആകെ നഷ്ടപരിഹാര തുക 60,000 കോടി രൂപയായി. 673.8487 കോടി രൂപയാണ് നഷ്ടപരിഹാരമായി കേരളത്തിനനുവദിച്ചത്.

ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച്, നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജി എസ് ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്.

Top