ലക്ഷം കോടി കടന്ന് ഒക്ടോബറിലെ ചരക്കുസേവന നികുതി വരുമാനം

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി വരുമാനം ഒക്ടോബര്‍ മാസത്തില്‍ പിരിച്ചത് ഒരുലക്ഷം കോടി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിച്ചത്. അതിന് ശേഷം 90,000 കോടിക്കു മുകളില്‍ മാത്രമാണ് തുടര്‍ച്ചയായി ലഭിച്ചത്.

കുറഞ്ഞ നിരക്കുകളും, നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറുന്ന പ്രവണത കുറഞ്ഞതും നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകളും നികുതി വരുമാനം വര്‍ധിക്കാന്‍ സാഹചര്യമൊരുക്കിയെന്ന് ജെയ്റ്റ്‌ലി തന്റെ ട്വീറ്റില്‍ കുറിച്ചു.

ഈ സാമ്പത്തിക വര്‍ഷം എല്ലാമാസവും ഒരുലക്ഷം കോടി ജിഎസ്ടി വരുമാനം എന്നാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് ധനകാര്യ മന്ത്രാലയംപറയുന്നു. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ കഴിഞ്ഞ മേയില്‍ 94,016 കോടി രൂപ നികുതിയായി പിരിച്ചെടുത്തു. ജൂണില്‍ ജിഎസ്ടി വരുമാനം 95,610 കോടിയായിരുന്നപ്പോള്‍ ജൂലായില്‍ ഇത് 96,483 ആയി ഉയര്‍ന്നു. ഓഗസ്റ്റ് മാസത്തില്‍ 96,960 കോടി ആയിരുന്നു ജിഎസ്ടി വരുമാനമെങ്കില്‍ സെപ്റ്റംബറില്‍ 94,442 കോടിയായി ഉയര്‍ന്നു. ഇത് കുത്തനെ ഉയര്‍ന്ന് ഒക്ടോബറില്‍ ഒരുലക്ഷം കോടി കടക്കുകയായിരുന്നു.

Top