GST Bill In Rajya Sabha ; Big Changes That Government Accepted.

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഉത്പന്ന സേവന നികുതി(ജിഎസ്ടി) സംവിധാനത്തിന് വഴിയൊരുക്കുന്ന 122 ആം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.

മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ബില്ലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതാണ് ബില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് ബലമേകിയത്. ബില്‍ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും.

അതിനാല്‍ത്തന്നെ കേരളം വലിയ പ്രതീക്ഷയോടെയാണ് ബില്ലിനെ നോക്കിക്കാണുന്നത്.ലോക്‌സഭ കഴിഞ്ഞ വര്‍ഷം മേയ് ആറിന് പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ പരിഷ്‌കരിച്ച രൂപത്തിലാണ് രാജ്യസഭ പരിഗണിച്ചത്. ഭരണഘടനാ ഭേദഗതി പ്രാബ്യത്തിലാക്കുന്ന മുറയ്ക്ക് ജിഎസ്ടിക്കായി കേന്ദരത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമം ഉണ്ടാക്കാന്‍ സാധിക്കും.

ജിഎസ്ടി വിപ്ലവകരമായ നികുതി പരിഷ്‌ക്കരണമെന്ന് ധനകാര്യവകുപ്പ്മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. രാജ്യം മുഴുവന്‍ ഒറ്റ സാമ്പത്തിക വിപണിയായി മാറുമെന്നും നികുതി വെട്ടിപ്പും ചോര്‍ച്ചയും ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സമന്വയം അനിവാര്യമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ജിഎസ്ടി സംസ്ഥാനങ്ങളെ സാമ്പത്തികമായി ശക്തികരിക്കുമെന്നും സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രകടിപ്പിച്ച വിരുദ്ധ നിലപാടുകള്‍ മൂലം ലോക്‌സഭ പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. നിരവധി ചര്‍ച്ചകള്‍ക്കും അഭിപ്രായ സമന്വയത്തിനു ശേഷമാണ് ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്കു വന്നത്.

ദേശീയസംസ്ഥാന തലങ്ങളില്‍ നികുതി ഏകീകരിക്കുകയാണ് ചരക്ക് സേവന നികുതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ അന്തര്‍സംസ്ഥാന വിനിമയ നികുതികള്‍ ദേശീയ ചരക്ക് സേവന നികുതിക്ക് കീഴിലാകും.

ഭരണഘടനയുടെ 122 ആം ഭേദഗതിയിലൂടെയാണ് രാജ്യത്ത് പുതിയ നികുതി സംവിധാനം ഏര്‍പ്പെടുത്തുന്നത്.ചരക്ക് സേവന നികുതി വരുന്നതോടെ ഉത്പ്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമാകും.

അന്തര്‍സംസ്ഥാന വിനിമയങ്ങളില്‍ ഏത് സംസ്ഥാനത്താണോ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത് ആ സംസ്ഥാനത്തെ നികുതി മാത്രം നല്‍കിയാല്‍ മതിയാകും. അതിന്റെ വിഹിതം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. അതാണ് പുതിയ നികുതി ഘടന ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായി മാറുന്നത്.

അന്തര്‍സംസ്ഥാന വിനിമയങ്ങളില്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ഒരു ശതമാനം നികുതി ചുമത്താനുള്ള ബില്ലിലെ വ്യവസ്ഥ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ചരക്ക് സേവന നികുതി വരുന്നതോടെ വാറ്റ്, വില്‍പ്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, ലോട്ടറി നികുതി, സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ച്ചാര്‍ജ്ജുകള്‍ എന്നിവ ഇല്ലാതാകും. മദ്യം, പുകയില, വിവിധ പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവയെ ചരക്ക് സേവന നികുതിയില്‍ നിന്ന് തത്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്.

Top